php

Followers

Wednesday, 6 October 2010

16. ഗലീലിയോക്ക് മുമ്പും പിമ്പും(ഭൌതികശാസ്ത്രം )

ഗ്രന്ഥകാരന്‍ : ഡോ.എം.എ.ഇട്ടിയച്ചന്‍ പ്രസാധകര്‍ : കറന്റ് ബുക്സ് തൃശൂര്‍ വില : 60 രൂപ ഗ്രന്ഥകാരനെക്കുറിച്ച് : 1941 മാര്‍ച്ചില്‍ അയ്യമ്പള്ളിയില്‍ ജനിച്ചു. ക്രിസ്റ്റലുകളുടെ വൈകല്യങ്ങളില്‍ ഗവേഷണം നടത്തി പി.എച്ച് .ഡി ബിരുദം നേടി. ആലുവ യു.സി കോളേജ് , കേരള യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. 1983 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഊര്‍ജ്ജതന്ത്രവിഭാഗം ഡയറക്ടറായി . മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറുടെ സ്ഥാനവും വഹിച്ചിട്ടുണ്ട് . നൂറ്റി ഇരുപതോളം ഗവ്ഷണ പ്രബന്ധങ്ങളും പത്തോളം ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പുസ്തകത്തെക്കുറിച്ച് : താഴെ പറയുന്ന അദ്ധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ ഏറെ താല്പര്യമുളവാക്കുന്നവയാണ് . 1.ഗലീലിയോക്ക് മുന്‍പ് 2.ഗലീലിയോ 3.ഗലീലിയോക്ക് ശേഷം 4.സൌരയൂഥത്തിനു വെളിയില്‍ ഗ്രഹങ്ങളോ 5.ആകാശത്തിലെ അണിയറ രഹസ്യങ്ങള്‍ 6.കറുത്ത നക്ഷത്രങ്ങളെ കണ്ടുപിടിച്ചതാര് ? 7.ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ച ശാസ്ത്രജ്ഞന്‍ 8.അവിടെ ആരെങ്കിലുമുണ്ടോ ? ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ക്രിസ്തുവിന് മുന്‍പ് ജീവിച്ചിരുന്ന എറത്തോതിനിസിന്റെ കണ്ടുപിടിത്തത്തെക്കുറീച്ച് നമുക്ക് അറിവുള്ളതാണല്ലോ . അദ്ദേഹമാണ് ആദ്യമായി ഭൂമി പരന്നതല്ല എന്ന് വളരേ ലളിതമായി തെളിയിച്ച ശാസ്ത്രജ്ഞന്‍ . മാത്രമല്ല ഭൂമിയുടെ ചുറ്റളവും അദ്ദേഹം കണക്കാക്കി . അതായത് ഏകദേശം 40,000 കിലോമീറ്റര്‍ . ഈ ലളിതമായ പരീക്ഷണത്തെക്കുറിച്ച് ഇതില്‍ വിവരിക്കുന്നതിങ്ങനെയാണ് : “രണ്ട് കണ്ണും കമ്പും മസ്തിഷ്കവും മാത്രം ” ഇക്കാര്യം ഈ പുസ്തകത്തില്‍ ഊന്നിപ്പറയുന്നത് ‘ ഗഹനമായ ഭൌതിക ശാസ്ത്രതത്ത്വങ്ങള്‍ ലളിതമായ കാര്യങ്ങളിലൂടെ പ്രതിപാദിക്കാമെന്ന് ഉറപിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത് നൈല്‍ നദീതീര പട്ടണമായ സൈനില്‍ കൊല്ലത്തിലൊരുദിവസം -ജൂണ്‍ 21 -ന് നട്ടുച്ചക്ക് ഭൂമിയുടെ ഉപരിതലത്തിന് ലംബമായി കുത്തിനിറുത്തിയ ഒരു കമ്പ് നിഴലുണ്ടാക്കുന്നില്ല എന്നദ്ദേഹം കണ്ടു. അന്നത്തെ ദിവസം സൂര്യന്‍ തലക്കു മുകളില്‍ പ്രത്യക്ഷപ്പെടുന്നു . ഏകദേശം 800 കിലോമീറ്റര്‍ ദൂരെയുള്ള അലക്സാന്‍ഡ്രിയ പട്ടണത്തില്‍ അന്നേദിവസം കുത്തനെയുള്ള ഒരു കമ്പ് നിഴലുണ്ടാക്കുന്നതായും കണ്ടു . ഇത്തരത്തിലുള്ള ഒരു നിരീക്ഷണം സാധാരണക്കാര്‍ അവഗണിക്കുകയേയുള്ളൂ . എറാത്തോതിനിസ് എന്ന ശാസ്ത്രജ്ഞനില്‍ ഈ പ്രതിഭാസം തികച്ചൂം കൌതുകമുണര്‍ത്തി. സൈനില്‍ നിഴലില്ലാത്തതും അലക്സാണ്ട്രിയയില്‍ നിഴലുണ്ടാകുന്നതും എന്തുകൊണ്ട് എന്നത് അന്വേഷണ വിധേയമാക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു . രണ്ടു സ്ഥലങ്ങളിലും നിഴലുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സംഗതി എളുപ്പമാണ് . ഭൂമിയുടെ ഉപരിതലം സമതലമാണെങ്കില്‍ സൂര്യന്റെ സമാന്തര രശ്മികള്‍ സൂര്യന്റെ സമാന്തര രശ്മികള്‍ രണ്ടു സ്ഥലത്തും നിഴലുകള്‍ ഉണ്ടാക്കുന്നില്ല . സൂര്യരശ്മികള്‍ ചരിഞ്ഞു വീഴുകയാണെങ്കില്‍ രണ്ടു സ്ഥലത്തും ഒരേ ദിശയിലും നീളത്തിലുമുള്ള നിഴലുകള്‍ ഉണ്ടാക്കും . ഈ പ്രശ്നത്തിന് ശരിയുത്തരം കിട്ടണമെങ്കില്‍ ഭൂമിയുടെ ഉപരിതലം വക്രമായിരിക്കണമെന്ന് അദ്ദേഹം കണ്ടു. വളരേ ധീരമായ നിഗമനമായിരുന്നു അദ്ദേഹത്തിന്റേത് . അന്ന് വരെയുണ്ടായിരുന്ന അറിവ് ഭൂമിയുടെ ഉപരിതലം പരന്നതാണ് എന്നുതന്നെയായിരുന്നു. സൂര്യന്‍ വളരേ ദൂരത്തായതുകൊണ്ട് അതില്‍ നിന്നും പുറപ്പെടുന്ന രശ്മികള്‍ ഭൂമിയില്‍ സമാന്തരമായാണ് പതിക്കുന്നത് . അലക്സാന്‍ഡ്രിയയിലും സെനിന്‍ പട്ടണത്തിലും ലംബമായി നിറുത്തിയ കമ്പുകള്‍ ഗോളാകൃതിയിലുള്ള ഭൂമിയുടെ മദ്ധ്യത്തിലേക്ക് നീട്ടുന്നതായി സങ്കല്പിച്ചാല്‍ അവ ഭൂമിയുടെ മദ്ധ്യത്തില്‍ ഏഴു ഡിഗ്രി കോണുണ്ടാക്കി കൂട്ടിമുട്ടും . ഈ ഏഴു ഡിഗ്രി കോണ്‍ ഒരു വൃത്തത്തിന്റെ ആകെ കോണിന്റെ അമ്പതില്‍ ഒരു അംശം മാത്രമാണ് .അലക്സാന്‍ഡ്രിയയും സൈറിനും തമ്മിലുള്ള ദൂരം 800 കിലോമീറ്ററാണെങ്കില്‍ 800 ന്റെ അമ്പതുമടങ്ങായിരിക്കും ഭൂമിയുടെ വൃത്ത പരിധി. അതായത് ഏകദേശം 40,000 കിലോമീറ്റര്‍ . ഈ വസ്തുതയൊക്കെ ഇത്തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നാം കുട്ടികളോട് പറയാറുണ്ട് . അപ്പോഴൊക്കെ നമ്മില്‍ ഒരു സംശയം ജനിക്കാറുണ്ട് . വേറൊന്നുമല്ല എങ്ങനെയാണ് അലക്സാന്‍ഡ്രിയയും സൈനിനും തമ്മിലുള്ള ദൂരം എറാത്തോതിനിസ് അളന്നത് ? ഈ പുസ്തകത്തില്‍ അതിന് ഉത്തരവും നല്‍കുന്നുണ്ട്! ഒരു കൂലിക്കാരനോട് തന്റെ പാദം ഉപയോഗിച്ച് അളക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്രെ! അപ്പോള്‍ ഇങ്ങനെയുള്ള അളവിനും എത്ര സമയമെടുത്തിരിക്കാം അല്ലേ ! ! വിജ്ഞാനം സാധാരണക്കാരില്‍ എത്തുവാന്‍ പ്രാപ്തമായ കണ്ടുപിടിത്തം ഏതാണ് ? കോപ്പര്‍ നിക്കസ്സിന്റെ ജനനത്തിന് വെറൂം മുപ്പത് കൊല്ലം മുമ്പ് മാത്രമാ‍ണ് അച്ചടി വിദ്യ കണ്ടു പിടിച്ചത് എന്നു പറയുമ്പോള്‍ പ്രസ്തുതകാലഘട്ടത്തിന്റെ വിജ്ഞാന പ്രസരണത്തിന്റെ വേലിയേറ്റം ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുന്നു. ഇത് സാധാരണക്കാരില്‍ വിജ്ഞാനം എത്തിക്കുവാന്‍ സാധിച്ചു എന്ന വസ്തുത നമുക്ക് മനസ്സിലാക്കിത്തരുന്നു. കോപ്പര്‍നിക്കസ്സ് , ടോളമിയുടെ ഭൂകേന്ദ്രീകൃത സൌരയൂഥ ഘടനയില്‍ ഭൂമിക്കു പകരം സൂര്യനെ കേന്ദ്രത്തില്‍ സ്ഥാപിച്ചു. കോപ്പര്‍ നിക്കസ്സ് വിഭാവനം ചെയ്തത് ഗ്രഹങ്ങളുടെ പരിക്രമണ പഥം വൃത്താകൃതിയില്‍ ആയിരുന്നു എന്നാണ് . പക്ഷെ ഈ വൃത്താകാര പഥം നിരീക്ഷണ ഡാറ്റയുമായി യോജിച്ചിരുന്നില്ല . ഗ്രഹങ്ങളുടെ പരിക്രമണ പഥം ദീര്‍ഘവൃത്തമാണ് എന്ന് കണ്ടെത്തുവാന്‍ കെപ്ലറുടെ കാലം വരെ കാത്തിരിക്കേണ്ടി വന്നുവെത്രെ! കോപ്പര്‍ നിക്കസ്സ് തന്റെ സൂര്യകേന്ദ്ര സിദ്ധാന്തം വിശദീകരിക്കുന്ന പുസ്‌തകം - റെവലൂഷന്‍സ് - പ്രസിദ്ധീകരിക്കുവാന്‍ ധൈര്യപ്പെട്ടത് 76 വയസ്സിനോടടുത്തപ്പോഴാണ്. അറിവുള്ള അദ്ധ്യാപകര്‍ എല്ലാവരും നല്ല അദ്ധ്യാപകരാവുമോ ? ചോദ്യം നമ്മുടെ സമൂഹത്തില്‍ നിലവിലുള്ളതാണ് . എന്നാല്‍ കെപ്ലറുടെ കാര്യത്തില്‍ ഈ ചോദ്യം വളരെ അര്‍ഥവത്താണ് .അദ്ദേഹത്തിന് കണക്കില്‍ അപാരമായ ജ്ഞാനമുണ്ടായിരുന്നു.എന്നിരുന്നാലും അദ്ദേഹം നല്ല ഒരു അദ്ധ്യാപനായി അറിയപ്പെട്ടിരുന്നില്ല. അതിനാല്‍ ആദ്യകൊല്ലം പതിനഞ്ചു വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ക്ലാസില്‍ അടുത്തകൊല്ലമായപ്പോഴേക്കും അംഗസംഖ്യ പകുതിയായി കുറഞ്ഞു. മഹാന്മാരും അവരുടെ ഭാര്യമാരും !!! സോക്രട്ടീസിന്റെ കാലം മുതലേ നമുക്കിത് അറിയാവുന്നതാണ്. സാന്തിപ്പി സോക്രട്ടീസിനെ എന്തുമാത്രം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് നാം പാഠപുസ്തകത്തില്‍ പഠിച്ചിട്ടുള്ളതുമാണ് . ഈയൊരു ദുരവസ്ഥ കെപ്ലര്‍ക്കും നേരിട്ടിരുന്നു. കെപ്ലറുടെ കുടുംബജീവിതം സുഖകരമായിരുന്നില്ല.ഭാര്യയാകട്ടെ ഒരു നാടന്‍ പെണ്ണ്.കെപ്ലറെപോലെ ഒരു ബുദ്ധിജീവിയുമായി ഇണങ്ങിജീവിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അവര്‍ തമ്മില്‍ ശണ്ഠകൂടാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നുവെത്ര! ഈ സ്ഥിതി തന്നെയായിരുന്നു പ്ലേറ്റോക്കും ഉണ്ടായിരുന്നതെന്ന് ഗ്രന്ഥകാരന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൂട്ടുകെട്ടുകള്‍ ഗുണകരമാകുമോ ? നമുക്കറിയാം പല ഹിറ്റു സിനിമകളുടേയും സംവിധായകാരായി രണ്ടുപേരുള്ളത് . സര്‍ഗ്ഗാത്മകതയുടെ ഇത്തരത്തിലുള്ള മസ്തിഷ്ക ബന്ധനം പലപ്പോഴും വിജയത്തിന്റെ കഥകള്‍ പറഞ്ഞിട്ടുണ്ടെന്നത് ചരിത്ര സത്യം മാര്‍ക്സ് -- ഏഗല്‍സ് കൂട്ടുകെട്ടിനെക്കുറിച്ച് എന്തുതോന്നുന്നു എന്നാല്‍ മറ്റൊരു തരത്തിലുള്ള ഒരു കൂട്ടുകെട്ടിനെ കുറിച്ചാണ് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നത് . അത് വേറെ ആരും തമ്മിലല്ല . ഒരു പാവപ്പെട്ടവനായ കെപ്ലറും പണക്കാരനായ “ടൈക്കോ ബ്രഹെയും ”ആയിരുന്നു അവര്‍ . ടൈക്കോയുടെ കയ്യില്‍ ഗ്രഹനിരീക്ഷണ ഫലങ്ങള്‍ ഉണ്ടായിരുന്നു; പ്രത്യേകിച്ച് ചൊവ്വായുടേത് . വളരെയേറെ പണം ചെലവാക്കിയാണ് അദ്ദേഹം ഈ നിരീക്ഷണഫലങ്ങള്‍ ദൃത്യന്മാരെക്കൊണ്ട് ചെയ്യിച്ചത് . ഈ നിരീക്ഷണഫലങ്ങളെ കെപ്ലര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പരിക്രമണപഥത്തിലാക്കിയപ്പോള്‍ സംഗതി ശരിയായി. നിരീക്ഷണ ഫലങ്ങള്‍ ഒത്തുപോയി.` ഇത്തരത്തില്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളുടേയും ശാസ്ത്രജ്ഞന്മാരേയും കുറിച്ച് ഈ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട് .

No comments:

Post a Comment