
പുസ്തകത്തെക്കുറിച്ച് :
ആമുഖത്തില്‍ തന്നെ വിവര്‍ത്തകന്‍ ഗ്രന്ഥാവിര്‍ഭാവ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട് . അതുകൊണ്ടുതന്നെ ഇക്കാര്യത്തിനുവേണ്ടി മറ്റൊരിടത്തുനിന്നും വിശദീകരണങ്ങള്‍ വേണ്ടതന്നെ . ബുദ്ധന്റെ ജീവിതവുമായി ഗാഡ ബന്ധമുള്ള പാലി ഭാഷയിലെ രേഖകളില്‍ നിന്നും സൂത്രങ്ങളില്‍ നിന്നുമാണ് തിച്ച് നാത് ഹാന്‍ സമഗ്രമായ ഈ ജീവിത കഥ രൂപപ്പെടുത്തിയിട്ടുള്ളത് .ബുദ്ധനെ സാധാരണ മനുഷ്യനായി കാണാനാണ് ഇതിലുടനീളം ശ്രമിച്ചിട്ടുള്ളത് . അത്ഭുത കഥകള്‍ ഈ ജീവിത കഥയിലില്ല . ലളിതമാണ് തിച്ച് ഹാനിന്റെ കഥ പറച്ചില്‍ . ആഴമേറിയ ദര്‍ശനങ്ങള്‍ കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന പാകത്തിലാണ് അദ്ദേഹം ബുദ്ധന്റെ ജീവിതവുമായി സന്നിവേശിപ്പിച്ചിട്ടുള്ളത് . എണ്‍പത്തൊന്ന് അദ്ധ്യായങ്ങളുള്ള മൂന്ന് പുസ്തകങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത് . ഒന്നാം പുസ്തകത്തില്‍ ഇരുപത്തിയൊമ്പത് അദ്ധ്യായങ്ങളുണ്ട് . ഗൌതമന്റെ ജനനം , ബാല്യം , കൌമാരം , വിവാഹം തുടങ്ങി ബോധോദയത്തിനുശേഷം വരെയുള്ള ജീവിതം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . സ്വാസ്തിയെന്ന് കാലിച്ചെറുക്കന്റെ ജീവിതത്തിലൂടെയാണ് ബുദ്ധകഥ വിടരുന്നതും വികസിക്കുന്നതും . തനിക്ക് ബോധോദയം ഉണ്ടായ അനുഭവം ഗൌതമന്‍ ആദ്യമായി പറയുന്നത് സ്വാസ്തിയോടാണ് . തനിക്കുണ്ടായ ബോധോദയം എന്താണെന്ന് , ഗൌതമന്‍ കുട്ടികളോടാണ് വളരെ ലളിതമായി കഥകളിലൂടെ വിശദീകരിക്കുന്നത് .ഈ പുസ്തകം കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമുള്ളതാണ് . എല്ലാതരം വിഭാഗീയതകളേയും അധഃകരിച്ച് പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ സകലതിനേയും ഉള്‍ക്കൊള്ളുന്ന ബുദ്ധന്റെ ജീവിത ദര്‍ശനം , ഇനി സക്രിയമാക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കാണല്ലോ . തിച്ച് നാത് ഹാന്‍ സെന്‍ ബുദ്ധിസ്റ്റ് ഭിക്ഷുവും പണ്ഡിതനും ആക്ടിവിസ്റ്റുമാണ് . വിയറ്റ്‌നാമിലെ സൈഗോണില്‍ വാന്‍ ഹാന്‍ ബുദ്ധിസ്റ്റ് സര്‍വ്വകലാശാലയുടെ സ്ഥാപകനാണദ്ദേഹം . ഫ്രാന്‍സില്‍ പ്ലം ഗ്രാമത്തില്‍ അദ്ദേഹത്തിന്റേതായി ഒരു കമ്മ്യൂണുണ്ട് . അവിടെ അദ്ദേഹം പഠിപ്പിക്കുന്നു , എഴുതുന്നു , കൃഷിചെയ്യുന്നു. ലോകത്തിന്റെ പലകോണുകളിലും അദ്ദേഹം “ജീവനകലെയെക്കുറിച്ച് ”ധ്യാനങ്ങള്‍ നടത്താറുണ്ട് . നാം പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ കാലിച്ചെറുക്കാനായ സ്വാസ്തിയെന്ന താഴ്‌ന്ന ജാതിക്കാരനെ ബുദ്ധന്‍ സംഘത്തില്‍ ചേര്‍ത്തതിനുശേഷമുള്ള സ്വാസ്തിയുടെ ബുദ്ധനെക്കുറിച്ചുള്ള നിരീക്ഷണം ഇന്നത്തെ സ്ട്രസ് മേനേജ്‌മെന്റ് തെറാപ്പിയെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ് ഭിക്ഷുക്കളുടെ ദിനചര്യകള്‍ എങ്ങനെ ?
“ നടത്തം ആസ്വദിക്കാന്‍ വേണ്ടിയാണ് ബുദ്ധന്‍ നടക്കുന്നതെന്ന് സ്വാസ്തിക്കു തോന്നി . എവിടെയെങ്കിലും എത്തിച്ചേരണമെന്നതിനെക്കുറിച്ച് യാതൊരുവിധ ആശങ്കയും അദ്ദേഹത്തിനില്ല. അതുപോലെത്തന്നെ മറ്റെല്ലാം ഭിക്ഷുക്കളും . ലക്ഷ്യത്തിലെത്താന്‍ ആര്‍ക്കെങ്കിലും ആകാംക്ഷയോ അക്ഷമയോ ഉള്ളതായി കണ്ടില്ല. ഓരോ മനുഷ്യന്റേയും കാല്‍വെപ്പുകള്‍ മന്ദവും സമതുലിതവും ശാന്തവുമായിരുന്നു. എല്ലാവരുമൊന്നിച്ച് ആന്ദകരമായ ഒരു ഉല്ലാസയാത്ര ചെയ്യുന്നതുപോലെ . ആരും ക്ഷീണിതനായി കാണപ്പെട്ടില്ല .എന്നാല്‍ ഓരോ ദിവസവും നല്ലൊരു ദൂരം പിന്നിടുകയും ചെയ്തു. യാചനാരീതിയെക്കുറിച്ച് ??
ഓരോ പ്രഭാതത്തിലും അവര്‍ അയല്‍ഗ്രാമത്തില്‍ ഭക്ഷണം യാചിക്കാനായി തങ്ങും . തെരുവിലൂടെ ഒറ്റവരിയായി നടന്ന് . ഏറ്റവും തലക്കല്‍ ബുദ്ധന്‍ . സ്വാസ്തി ഏറ്റവും ഒടുവില്‍ .രാഹുലിന്റെ തൊട്ടുപിന്നില്‍ ഓരോ ശ്വാസവും ഓരോ അടിയും ശ്രദ്ധിച്ച് വളരെ കുലീനതയോടെയാണ് അവര്‍ നടന്നത് . തങ്ങളുടെ പാത്രങ്ങളില്‍ ഗ്രാമീണര്‍ ഭക്ഷണം അര്‍പ്പിക്കുന്ന നിമിഷം , അവര്‍ നില്‍ക്കും . ചില ഗ്രാമീണര്‍ പാതയോരത്ത് മുട്ടുകുത്തും . ഭക്ഷണം സ്വീകരിക്കുന്നതോടൊപ്പം ഭിക്ഷുക്കള്‍ ജനങ്ങള്‍ക്കായി ശാന്തരായി പ്രാര്‍ത്ഥന നടത്തും . ഭിക്ഷാടനം തീരുന്നതോടെ , അവര്‍ സാവകാശം ഏതെങ്കിലും മരത്തണലുകളിലേക്കോ പുല്‍മൈതാനിയിലേക്കോ നീങ്ങും . ഭക്ഷണം കഴിക്കുവാനുള്ള ഇടം തേടി . വൃത്താകൃതിയിലാണ് അവര്‍ ഇരിക്കുക , ഭക്ഷണം ഏവര്‍ക്കും തുല്യമായി പങ്കിട്ട് ; ഒഴിഞ്ഞു കിടക്കുന്ന പാത്രം നിറക്കാന്‍ ശ്രദ്ധിച്ച് . തൊട്ടടുത്തുള്ള അരുവിയില്‍ നിന്ന് രാഹുലന്‍ മൊന്തയില്‍ വെള്ളം നിറച്ച് ആദരപൂര്‍വ്വം ബുദ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി .ബുദ്ധന്‍ താമരമൊട്ടുപോലെ കൈകളൊതുക്കി ; രാഹുലന്‍ കൈകഴുകുവാനായി വെള്ളം ഒഴിച്ചുകൊടുത്തു.ഇതുതന്നെ അവര്‍ ഓരോരുത്തര്‍ക്കും ചെയ്തു. അവസാനം സ്വാസ്തിക്കും . സ്വാസ്തിക്ക് ഇനിയൊരു ഭിക്ഷാപാത്രം ഇല്ലാത്തതിനാല്‍ രാഹുലന്‍ അവന്റെ പാത്രത്തിലെ നേര്‍പകുതി ഭക്ഷണം ഒരു വാഴയിലയില്‍വെച്ച് തന്റെ പുതിയ ചങ്ങാതിക്കുകൊടുത്തു. കഴിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഭിക്ഷുക്കള്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചു. എന്നിട്ട് നിശ്ശബ്ദരായി അതീവ ശ്രദ്ധയോടെ ഓരോ വറ്റും കഴിച്ചു. ഭക്ഷണത്തിനു ശേഷം .......
ഭക്ഷണം പൂര്‍ത്തിയായപ്പോള്‍ , ചില ഭിക്ഷുക്കള്‍ നടന്നു ധ്യാനം ശീലിച്ചു . ചിലര്‍ ഇരുന്ന് ധ്യാനം . മറ്റു ചിലര്‍ ചെറുതായൊന്നു മയങ്ങി . ചൂടിന്റെ കാഠിന്യം ഒന്നു ശമിച്ചതും , അവര്‍ വീണ്ടും തെരുവിലിറങ്ങി , ഇരുട്ടുന്നതുവരെ നടന്നു. രാത്രി വിശ്രമത്തില്‍ ഏറ്റവും അനുയോജ്യമായ ഇടം ശാന്തത ഭഞ്ജിക്കാത്ത വനങ്ങളാണ് . അങ്ങനെ നല്ലൊരിടം കണ്ടെത്തുന്നതുവരെ അവര്‍ നടന്നു. ഓരോ ഭിക്ഷുവിനും സ്വന്തമയൊരു ഉപധാനമുണ്ട് .ഉറങ്ങാനുള്ള വിരിവിരിക്കുന്നതിനു മുന്‍പ് , മിക്ക ഭിക്ഷുമാരും , രാത്രിയുടെ പകുതിയോളം നേരം , കാലുകള്‍ പിണച്ച് പത്മാസനത്തിലിരുന്നു. ഓരോ ഭിക്ഷുവിനും രണ്ട് വസ്ത്രങ്ങള്‍ വീതം ഉണ്ടായിരുന്നു .ഒന്നദ്ദേഹം ഉടുത്തിരുന്നത് .മറ്റൊന്ന് തണുപ്പും കാറ്റും അടിക്കാതെ പുതക്കാന്‍ . മറ്റുള്ളവരെപ്പോലെ സ്വാസ്തി ധ്യാനത്തിനിരുന്നു . മരത്തിന്റെ വേര് തലയണയാക്കി മണ്ണില്‍ കിടന്നുറങ്ങാനും പഠിച്ചു. എന്താണ് സന്യാസരീതികള്‍ ?
വിഹാരത്തിലെ ജീവിത രീതികള്‍ സ്വസ്തിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് രാഹുലനാണ് . എങ്ങനെ നടക്കണം , ഇരിക്കണം , നില്‍ക്കണം , ഉപചരിക്കണം , നടന്ന് ധ്യാനവും ഇരുന്ന ധ്യാനവും ചെയ്യണം ശ്വാസം നിരീക്ഷിക്കണം . എപ്രകാരമാണ് സന്യാസി വസ്ത്രം ധരിക്കേണ്ടത് , ഭക്ഷണം യാചിക്കേണ്ടത് , പ്രാര്‍ത്ഥിക്കേണ്ടത് , ഭിക്ഷാപാത്രം കഴുകേണ്ടത് എന്നിവയും രാഹുലന്‍ സ്വാസ്തിക്കു കാണിച്ചുകൊടുത്തു. ആരാണ് ഒരു ബുദ്ധഭിക്ഷു ?
ബുദ്ധനെ ഗുരുവാക്കി , ബോധോദയത്തിലേക്ക് നയിക്കുന്ന ധര്‍മ്മമാര്‍ഗ്ഗമായി , മാര്‍ഗ്ഗത്തിലൂടെയുള്ള യാത്രയിലെ താങ് സംഘമായി പിന്തുടരുവാന്‍ , വീട് വിട്ടിറങ്ങിയവനാണ് ഒരു ഭിക്ഷു . ഒരു ഭിക്ഷുവിന്റെ ജീവിതം ലളിതവും വിനീതവുമാണ് . ഭിക്ഷാടനത്തിലൂടെ വിനിമയം വളരുന്നു . മറ്റുള്ളവരുമായി ഇടപെഴകുന്നതിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണത് ; ബുദ്ധന്‍ പഠിപ്പിച്ച സ്നേഹത്തിന്റെ മാര്‍ഗ്ഗവും തിരിച്ചറിവും അവരിലുണ്ടാകാന്‍ സഹായിക്കുന്നു. ബുദ്ധമാര്‍ഗ്ഗം പരിശീലിക്കുവാനുള്ള ഒരു വഴിയാണ് യാചന . ബുദ്ധന്റെ പഠനരീതിയുടെ
പ്രത്യേകത ?
Known to Unknown എന്ന രീതി വിദ്യാഭ്യാസ മനഃശ്ശാസ്ത്രത്തില്‍ പ്രസിദ്ധമാണല്ലോ . നമുക്ക് ബുദ്ധിസ്റ്റിക് അദ്ധ്യാപനരീതിക്ക് പുസ്തകത്തില്‍ നല്‍കിയ ഉദാഹരണമൊന്നു നോക്കം . കാലികളെ പരിപാലിക്കുന്ന ഒരു സമൂഹവുമായി ബന്ധമുള്ള ഭിക്ഷുക്കളോട് കാലിമേക്കലിലൂടെ പറഞ്ഞാണ് ബുദ്ധന്‍ തന്റെ മാനേജ്മെന്റ് സിദ്ധാന്തങ്ങള്‍ ശിഷ്യരോട് വ്യക്തമാക്കുന്നത് . കാലികളെ മേക്കുന്ന പയ്യന്‍ എന്തൊക്കെ അറിയണം .
അവന് എന്തൊക്കെ ചെയ്യാനാകും . കാലികളെ നല്ലവണ്ണം ശ്രദ്ധിക്കുന്ന ഒരു ബാലന്‍ തന്റെ സംരക്ഷണയിലുള്ള ഓരോന്നിനേയും എളുപ്പത്തില്‍ തിരിച്ചറിയുന്നു. ഓരോന്നിന്റേയും നൈസര്‍ഗ്ഗികതയും വാസസ്ഥലവും അറിയുന്നു . കാലികളെ ഉരച്ചുകഴുകേണ്ടത് എങ്ങനെയെന്ന് അറിയുന്നു . അവയുടെ വ്രണങ്ങള്‍ ഉണക്കേണ്ടതെങ്ങനെയെന്ന് , പുകയിട്ട് എങ്ങനെ കൊതുകുകളെ ഓടിക്കാം . കാലികളുടെ സുരക്ഷിതമായ നടച്ചാലുകള്‍ ഏവ ? അവയെ എങ്ങനെ സ്നേഹിക്കാം ? അവക്ക് നദി മുറിച്ചുകടക്കാനുള്ള നിലയുള്ള സുരക്ഷിത ഭാഗങ്ങള്‍ കണ്ടുപിടിക്കാം ശുദ്ധമായ പുല്ലും വെള്ളവും തേടാം മേച്ചില്‍ സ്ഥലങ്ങള്‍ പരിപാലിക്കാം . പ്രായമായവയെ ചെറുപ്പമായവക്ക് മാതൃകയാക്കാം
ഭിക്ഷുവും കാലിമേക്കുന്ന പയ്യനും തമ്മിലുള്ള സാമ്യങ്ങള്‍ !!
ഭിക്ഷുമാരെ ശ്രദ്ധിക്കുക , തന്റെ സ്വന്തം കാലികളെ കാലിച്ചെറുക്കന്‍ ഏതുപോലെ തിരിച്ചറിയുന്നുവോ , അതുപോലെ ഓരോ ഭിക്ഷുവും തന്റെ സ്വന്തം ശരീരത്തിലെ സര്‍വ്വപ്രധാനമായ മൂലധാതുക്കളെ തിരിച്ചറിയുന്നു.ഒരു കാലിച്ചെറുക്കന്‍ ഏതുവിധേന ഒരു കാലിയുടെ നൈസര്‍ഗ്ഗികതകളും വാസനകളും തിരിച്ചറിയുന്നുവോ അതുപോലെ ഭിക്ഷു തന്റെ ശരീരത്തിന്റേയും വാക്കിന്റെയും മനസ്സിന്റേയും ഏതൊക്കെ പ്രവര്‍ത്തികളാണ് ഉചിതമെന്നും ഏതൊക്കെ ഉചിതമായിട്ടുള്ളവയല്ല എന്നും അറിയുന്നു. ഒരു കാലിച്ചെറുക്കന്‍ തന്റെ കാലികളെ ഉരച്ചുകഴുകി വൃത്തിയാക്കുന്നതെങ്ങനെയോ അതുപോലെ ഒരു ഭിക്ഷു തന്റെ മനസ്സിനേയും ശരീരത്തിന്റെ ഇച്ഛകളേയും ആസക്തികളേയും കോപത്തേയും വൈമുഖ്യങ്ങളേയും ഉരച്ചുകഴുകി വൃത്തിയുള്ളതാക്കിയിരിക്കണം കാലിച്ചെറുക്കന്‍ തന്റെ കാലികളെ എങ്ങനെ കൊതുകു കടിയില്‍ നിന്ന് സംരക്ഷിക്കുന്നുവോ , അതുപോലെയാണ് ഒരു ഭിക്ഷു ഉണര്‍ന്നിരുന്ന് തന്റെ ചുറ്റുള്ളവര്‍ക്ക് മനസ്സിന്റേയും ശരീരത്തിന്റേയും ദുരൂഹതകള്‍ എങ്ങനെ വര്‍ജ്ജിക്കാമെന്ന് ഉപദേശിക്കുന്നത് . എങ്ങനെയാണോ ഒരു കാലിച്ചെറുക്കന്‍ തന്റെ കാലികള്‍ക്ക് സുരക്ഷിതമായ നടച്ചാല് കണ്ടെത്തുന്നത് , അതുപോലെയാണ് ഒരു ഭിക്ഷു പ്രസക്തിയിലേക്കും സമ്പത്തിലേക്കും കാമാസക്തിയിലേക്കും - മദ്യശാലകള്‍ , ഭോഗശാലകള്‍ തുടങ്ങിയവ – നയിക്കുന്ന പാതകള്‍ വര്‍ജ്ജിക്കുന്നത് . സന്യാസി ബന്ധുക്കളേയും സുഹൃത്തുകളേയും കൈകാര്യം ചെയ്യേണ്ടതെങ്ങനെ ? ഒരു കാലിച്ചെറുക്കന്‍ എങ്ങനെയാണോ അവന്റെ പുല്‍മൈതാനങ്ങള്‍ അമിതമായി മേയാതെ സംരക്ഷിക്കപ്പെടുന്നത് , അതുപോലെയാണ് ഒരു ഭിക്ഷു തന്റെ അയല്‍ ഗ്രാമങ്ങള്‍ ഭിക്ഷയാചിക്കുമ്പോള്‍ ബന്ധങ്ങള്‍ പരിരക്ഷിക്കപ്പെടാന്‍ ശ്രദ്ധിക്കേണ്ടത് ഇത്തരത്തില്‍ കാലിമേക്കുന്നവര്‍ അറിഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അദ്ധ്യാപന രീതി ഏവരേയും ആകര്‍ഷിക്കുന്നതാണ് . നുണ വിശ്വസിപ്പിച്ചാല്‍ സത്യമാകുമോ ? മറ്റൊരാള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം സത്യം തന്നെയാണ് . ഒരു കോടി മനുഷ്യര്‍ ഒരു നുണ വിശ്വസിച്ചെന്നിരിക്കട്ടെ . എന്നാലും അത് നുണതന്നെയാണ് . സത്യസന്ധമായി ജീവിക്കുവാന്‍ നിങ്ങള്‍ക്ക് അപാരമായ ധൈര്യം വേണം . ബുദ്ധന്റെ ബോധോദയവുമായി ബന്ധപ്പെട്ട ചിലത് : ശരീരത്തെ പീഡിപ്പിച്ചതുകൊണ്ട് ഒരാള്‍ക്ക് ശാന്തിയോ ധാരണയോ കിട്ടില്ല . ഇന്ദ്രിയ സുഖത്തിനുവേണ്ടി ശരീരത്തെ പ്രീണിപ്പിക്കുകയാണെങ്കില്‍ നമുക്ക് കാര്യമായൊന്നും നിര്‍വ്വഹിക്കാനാവില്ല . സ്വയം പീഡനത്തിന്റെ പാത തെറ്റാണ് . കഠിന വ്രതങ്ങളിലൂടെ ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള സന്യാസരീതി ശരിയല്ല . ഇത് വായിക്കുമ്പോള്‍ ശരീരപീഡനവുമായി ബന്ധപ്പെട്ട പല ഭക്തിരീതികളേയും നമുക്ക് ഓര്‍മ്മ വരും സിദ്ധാര്‍ത്ഥന്‍ എന്ന പേര്‍ന്നര്‍ത്ഥം ?
ലക്ഷ്യം നിറവേറ്റുന്നവന്‍ എന്നാണത്രെ ! സന്യാസിക്ക് പരിചാരകനെ വേണോ ?
വേണ്ട എന്നത്രെ ബുദ്ധന്‍ പറയുന്നത് ബുദ്ധന്‍ വീടുവിട്ടു പോരുംപ്പോള്‍ യശോധര ഉറങ്ങുകയായിരുന്നുവോ ? ഏതൊരു മനുഷ്യനെപ്പോലെയും ഈ കാര്യങ്ങള്‍ അറിയുവാന്‍ സ്വാസ്തിക്കു താല്പര്യമുണ്ടായിരുന്നു സിദ്ധാര്‍ത്ഥന്‍ കൊട്ടാരം വിട്ടിറങ്ങുന്നതിനു മുമ്പ് തിരശ്ശില ഉയര്‍ത്തിനോക്കിയപ്പോള്‍ , യശോധര യഥാര്‍ത്ഥത്തില്‍ ഉറങ്ങുകയായിരുന്നുവോ ? അതോ ഉറക്കം നടിച്ച് കിടക്കുകയായിരുന്നുവോ ? സിദ്ധാര്‍ത്ഥന്റെ മുടിച്ചുരുളുകളും വാളുമായി ചന്നന്‍ മടങ്ങിയെത്തിയപ്പോള്‍ യശോധരയും രാജ്ഞിയും എന്താണ് ചിന്തിച്ചത് ? സിദ്ധാര്‍ത്ഥന്റെ അസാനിധ്യത്തില്‍ ബുദ്ധന്റെ വീട്ടിലെ അംഗങ്ങള്‍ക്ക് എന്തു സംഭവിച്ചു ? ബുദ്ധന് ബോധോദയമുണ്ടായ വാര്‍ത്ത ആരാണ് ആദ്യം കേട്ടത് ? ബുദ്ധന്റെ മടക്കം ആരാണ് ആദ്യം സ്വാഗതം ചെയ്തത് ? അദ്ദേഹം കപിലവസ്തുവിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ നഗരം മുഴുവന്‍ പുറത്ത് വന്നുവോ ? തുടങ്ങിയ ചോദ്യങ്ങള്‍ സ്വാസ്തിയുടെ മാത്രം കുത്തകയല്ല ; നമ്മുടേതുമല്ലേ !
അവക്കും ഗ്രന്ഥകാരന്‍ ശരിയായ , യുക്തിഭദ്രമായ ഉത്തരം തരുന്നുണ്ട് . മാത്രമല്ല വിവര്‍ത്തകന്റെ ഭാഷ പുസ്തകത്തിന് ഏറെ പാരായണ സുഖം നല്‍ക്കുന്നു എന്ന വസ്തുത ഇവിടെ പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ് .അങ്ങനെ മലയാളികളായ നമുക്ക് ഇത്തരത്തിലുള്ള ബുദ്ധന്റെ ജീവിത ദര്‍ശനത്തെക്കുറിച്ച് അറിവു പകര്‍ന്നുതന്ന ശ്രീ അരവിന്ദാക്ഷനോട് പ്രത്യേകം നന്ദി പറയുന്നു. ദൈവമായി കാണുന്ന ബുദ്ധനെ അല്ലെങ്കില്‍ ബുദ്ധഭഗവാനെ നാം പലപ്പോഴും വായിച്ചീട്ടുള്ളതാണ് . എന്നാല്‍ തികച്ചും മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബുദ്ധനെ നാം ഈ പുസ്തകത്തിലൂടെ ദര്‍ശിക്കുന്നു. ഇനിയും നാം കാത്തിരിക്കുന്നു ; അടുത്ത പുസ്തകത്തിന്റെ വിവര്‍ത്തനത്തിനായി . അത് അടുത്തുതന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ .........
No comments:
Post a Comment