php

Followers

Saturday 30 October 2010

28. ഉന്നത ജീവിത നിയമങ്ങള്‍ ( ആനിബസന്റ് എഴുതിയ പുസ്തകം)


പരിഭാഷകനെക്കുറിച്ച് :
എം.ജി.കെ നായര്‍
വിലാസം :എസ്. 28, ശങ്കര്‍ നഗര്‍ , കൊല്ലം - 1
ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസര്‍ , സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പുസ്തകത്തെക്കുറിച്ച് :

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഭാരതഘടകത്തിന്റെ വാരണാസിയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ആനി ബസന്റ് ചെയ്ത പ്രഭാഷണങ്ങളാണിവ .അതായത് The Laws of Higher life എന്ന പുസ്തകത്തിന്റെപരിഭാഷയാണിത് . ആദ്ധ്യാത്മിക പന്ഥാവിലേക്ക് പ്രവേശിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക്വഴികാട്ടിയായുള്ള ഒരു ഉത്തമ ഗ്രന്ഥമാണിത് .
പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പും പ്രൌഡഗംഭീരമാണ് . ഇത് എഴുതിയത് കൊല്ലം തിയോസഫിക്കല്‍ ലോഡ്‌ജ്പ്രസിഡണ്ട് ശ്രീ രവീന്ദ്രന്‍ നായരാണ്.
അത് ഇങ്ങനെ പോകുന്നു.
......................
ആത്മീയ പ്രകാശം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കേണ്ടത് എല്ലാവര്‍ക്കും നന്മ ലഭിക്കാനുള്ള സത്യസന്ധമായആഗ്രഹത്തിലൂടെ അയിരിക്കണം. സ്വന്തം ഉയര്‍ച്ചക്കോ നേട്ടത്തിനോ വേണ്ടി ആത്മീയമാര്‍ഗ്ഗംസ്വീകരിക്കേന്റതില്ല.ലോകാരംഭം മുതല്‍ക്കേ അനേക ദശലക്ഷം മനുഷ്യര്‍ ഭൂമിക്കും പണത്തിനും സ്വത്തുക്കള്‍ക്കുംകീര്‍ത്തിക്കും അധികാരത്തിനും വേണ്ടി ജീവിച്ചുപോരുന്നു.
എന്നാല്‍ ഈവക വസ്തുക്കള്‍ കൈവശമാക്കത്തക്കവിധം അഭികാമ്യങ്ങളാണോ ?
അത്യാഗ്രഹത്തിന്റേയും തിന്മയുടേയും കാരണം എന്താണ് ?
എന്തുകൊണ്ടാണ് ഏകാന്തതയുണ്ടാകുന്നത് ?
ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തനിക്കുവേണ്ടി തന്നെ ജീവിതത്തെ ആഴത്തില്‍പഠിക്കുക എന്ന ബുദ്ധിമുട്ട് ഒരാള്‍ ഏറ്റെടുക്കുമ്പോഴാണ് , വിവേകത്തിന്റെ വെളിച്ചമായ വ്യക്തത ഉണ്ടാവുന്നത് .
അദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ തുടക്കം കുറിക്കുന്നത് ഇവിടെയാണ്.
കൊല്ലം തിയോസഫിക്കല്‍ ലോഡ്ജിന്റെ ആദ്യത്തെ പ്രസിദ്ധികരണം ‘ആത്മജ്ഞാനത്തിന്റെ ‘ വഴി എന്നപുസ്തകമായിരുന്നു.

ആനി ബസന്റിനെക്കുറിച്ചൊരു വിവരണം :

ജനനം : 1847 ഒക്ടോബര്‍ 1
പിതാവ് : വില്യം പേജ് വുഡ്
മാതാവ് : എമിലി
1867 ല്‍ റവ. ഫ്രാങ്ക് ബസന്റ് എന്ന പിരോഹിതനെ വിവാഹം ചെയ്തു.
രണ്ടു മക്കള്‍
ഒരു പുത്രനും ( ആര്‍തര്‍ ഡിഗ്‌ബി ബസന്റ് )
ഒരു പുത്രിയും ( മേബല്‍ ബസന്റ് സ്‌ക്രാട്ട് )
വിദ്യാഭ്യാസം : ഇംഗ്ലണ്ട് , ജര്‍മ്മനി , ഫ്രാന്‍സ് എന്നിവടങ്ങളില്‍ ; ബോട്ടണിയില്‍ ഓണേഴ്‌സ് ബിരുദം നേടി.
തീവ്രമായ സത്യാഭിമുഖ്യം കാരണം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് മാറുകയും സാമൂഹ്യസ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു.
1881 ല്‍ ല്‍ മാഡം ബ്ലവത്‌സിയുടെ The Secret Doctrine എന്ന മഹത്‌ഗ്രന്ഥം റിവ്യൂവിന് ലഭിച്ചു.
അങ്ങനെ തിയോസഫിക്കള്‍ സൊസൈറ്റിയില്‍ അംഗമാവുകയും മാഡം ബ്ലവത്‌സിയുടെ ഉത്തമ ശിഷ്യയും സഹായിയുമായി പ്രവര്‍ത്തിച്ചു.
1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോക മഹാ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ഇതേ വര്‍ഷം തന്നെ വാര്‍ഷിക പ്രസംഗ പരമ്പര ആരംഭിച്ചു. അത് 1930 വരെ തുടര്‍ന്നു.
ഇന്ത്യന്‍ നാന്‍ഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1933 സെപ്തംബര്‍ 20 ന് അന്തരിച്ചു.

ആനി ബസന്റിന്റെ ചില പുസ്തകങ്ങള്‍:

The seven principles of man ( 1893)
An Autobiography ( 1893)
The path of Decipleship ( 1896)
Death and After (1901)
An Introduction to Yoga (1908)

പുസ്തകത്തില്‍ നിന്ന്.........

1. പ്രകൃതിയുടെ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുവാന്‍ നാം പഠിക്കുമ്പോള്‍ പ്രകൃതി കീഴ്പ്പെടുകയും പ്രകൃതി ശക്തികള്‍ നമ്മുടെ സേവകരായി തീരുകയും ചെയ്യും.
2.ഉന്നത ജീവിതം നയിക്കണമെങ്കില്‍ ഉന്നത ജീവിത നിയമങ്ങള്‍ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം .
അവയെ അറിയുക ; അവ നിങ്ങളെ തീര്‍ച്ചയായും ലക്ഷ്യത്തിലേക്ക് കൊണ്ടുപോകും.
3.ഉന്നത ബോധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപാധികള്‍ എന്നനെയാണ് രൂപപ്പെടുന്നത് ?
കാലക്രമേണ അവയെ സംസ്കരിക്കുകയും ഉന്നതബോധത്തിന്റെ നിയന്ത്രണത്തിലൂടെ കൊണ്ടുവരുന്നതിലൂടെ. അതിനാല്‍ ധ്യാ‍നം അതിന്റെ മാര്‍ഗ്ഗമായി വിധിക്കപ്പെട്ടിരിക്കുന്നു.അതിനാല്‍ അതിവേഗ പുരോഗതി കൈവരിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ അരണ്യവാസം സ്വീകരിക്കുകയും താഴ്‌ന്ന ലോകത്തുനിന്നും താല്കാലികമായി ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുക എന്നത് കൂടുതല്‍ എളുപ്പമായി അനുഭവപ്പെട്ടു. അങ്ങനെ കാടുകളിലും വനങ്ങളിലും മനുഷ്യന്‍ ധ്യാനിക്കുവാന്‍ തുടങ്ങി.
4.എങ്ങനെ മസ്തിഷ്കത്തെ മാറ്റണമെന്നും അതിനെ എങ്ങനെ സംസ്കരിക്കണമെന്നും അതിനെ എങ്ങെനെ മെച്ചപ്പെടുത്തണമെന്നും ഉന്നതബോധപ്രകാശനത്തിന് എങ്ങനെ അതിന്റെ പരസ്പര കണ്ണികളെ രൂപപ്പെടുത്തണമെന്നും..........

വാല്‍ക്കഷണം:

ശരിയായ നിദ്രനല്‍കിയും ശരിയായ വ്യായാമംകൊണ്ടും ശരിയായ ഭക്ഷണം കൊണ്ടും ആവശ്യങ്ങള്‍ നിറവേറ്റിയും ശരീരത്തെ നല്ല ആരോഗ്യത്തോടെ പരിപാലിക്കണം.; എന്നാല്‍ ശരീരം നിങ്ങളുടെ യജമാനനാവരുത് ; പകരം ബോധത്തിന്റെ അനുസരണയുള്ള സേവകനാവണം . ശരീരത്തെ ഭരിക്കാന്‍ അതിനെ നിലക്കു നിറുത്തുവാന്‍ നിങ്ങള്‍ പഠിക്കണം.
ശ്രീ കൃഷ്ണന്‍ പറയുന്നത് ശ്രദ്ധിക്കുക
“ഹേ , അര്‍ജ്ജുന ! ഈ യോഗം അധികം ഭക്ഷിക്കുന്നവനും തീരെ ഭക്ഷിക്കാത്തവനും അധികം ഉറങ്ങുന്നവനും തീരെ ഉറങ്ങാത്തവനും സിദ്ധിക്കുന്നില്ല

Friday 22 October 2010

27. കാഴ്ചപ്പാട് ( സിനിമാ നടന്‍ ശ്രീ മമ്മൂട്ടിയുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പുസ്തകം )


ഈ ചെറിയ പുസ്തകത്തില്‍ ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളുണ്ട്.
ഓരോ അധ്യായവും ഒരു പ്രത്യേക  വൈകാരികത  നമ്മില്‍ നിറക്കുന്നു.
പ്രസ്തുത വൈകാരികത ഒരു സവിശേഷ ഗുണപാഠം നമുക്ക് നല്‍കുന്നു.
ഒരു പേരിലെന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം . പക്ഷെ , മുഹമ്മദുകുട്ടി എന്ന വ്യക്തിക്ക് മമ്മൂട്ടി എന്ന പേരിനോട് എങ്ങനെയായിരിക്കാം പ്രതികരണം ; അതും മുഹമ്മദുകുട്ടി എന്ന സ്വന്തം പേരുപോലും ഇഷ്ടപ്പെടാത്ത വ്യക്തിയാണെങ്കിലോ ?
പലപ്പോഴും പലര്‍ക്കും സ്വന്തം പേരിനോട് താല്പര്യക്കുറവുതോന്നം; അതുകൊണ്ടുതന്നെ മുഹമ്മദുകുട്ടിയെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല. സ്വന്തം പേരിടുന്നത് നമ്മോട് ചോദിച്ചല്ലല്ലോ ?
എങ്കിലും അവസാനം മമ്മൂട്ടിയെന്ന പേര്‍ സ്വയം ഇഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെത്തുന്നു.
എന്നാണ് അത് ഇഷ്ടമായതെന്നെന്നും ശ്രീ മമ്മുട്ടി ഓര്‍ക്കുന്നില്ല.
ഒന്നാമത്തെ അദ്ധ്യായം ഇത്തരം അസ്ഥിത്വവിശകലനത്തിലൂടെ മുന്നേറുന്നു.
തുറന്നു വരുന്ന അദ്ധ്യായങ്ങള്‍ .........
ഒരു പ്രണയത്തെക്കുറിച്ച് ....
ഒരു ഡൈവോഴ്സിനെക്കുറീച്ച് ...........
യഥാര്‍ത്ഥ ജീവിതത്തിലെ വില്ലനെക്കുറിച്ച് ...
മാതൃസ്നേഹത്തെക്കുറിച്ച് ...
എന്നിങ്ങനെ പോകുന്നു.


വാല്‍ക്കഷണം: ചില മമ്മൂട്ടി വാക്യങ്ങള്‍
1.“ പലരും ചെയ്യുന്ന ഉപകാരങ്ങളുടെ വലുപ്പം അവര്‍ അറിയുന്നില്ല. നമ്മുടെയെല്ലാം വിജയത്തിന്റെ ചവിട്ടുപടികള്‍ ഒരുക്കിത്തരുന്നത് പലപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്തവരാണ് . പിന്നീടവര്‍ ശത്രുക്കളെപ്പോലെ പെരുമാറിയാല്‍പ്പോലും ആ പടവുകള്‍ മറക്കരുതെന്ന് ഞാന്‍ കരുതുന്നു.അത്തരം പടവുകളെക്കുറിച്ചുള്ള ഓര്‍മ്മയാണ് പലരേയും സഹായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് .എന്നെക്കൊണ്ട് കഴിയുന്നതുപോലെ ആര്‍ക്കെല്ലാമോവേണ്ടി പടവുകള്‍
പണിയാനാകണേ എന്നു ഞാന്‍ ആഗ്രഹിക്കുന്നു ;പ്രാര്‍ത്ഥിക്കുന്നു.
2. “അച്ഛനെയോ അമ്മയെയോ മക്കളെയോ വാ‍ക്കുകൊണ്ടു തള്ളിപ്പറഞ്ഞാലും നിയമം കൊണ്ടു ബന്ധം
വേര്‍പെടുത്താനാകില്ല. പക്ഷെ , ഭാര്യയേയും ഭര്‍ത്താവിനേയും നിയമംകൊണ്ടുവേര്‍പെടുത്താം.അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമംകൊണ്ട് വേര്‍പെടുത്താനാകില്ലെന്ന് അന്ന് എനിക്ക് ബോധ്യമായി.
3.“വലിയൊരു സ്വര്‍ണ്ണ ഖനിയില്‍ നിന്ന് ആവശ്യത്തിനുമാത്രം എടുക്കാനുള്ള മനസ്സിനു സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട്
4.“വീട്ടുകാരനു മധുരസ്മരണയാക്കി മാറാന്‍ ഓരോ അതിഥിക്കും കഴിയണം. ഒരു കിലോ
ലഡുകൊണ്ടുപോയതുകൊണ്ടുമാത്രം മധുരസ്മരണയുണ്ടാകില്ലല്ലോ .പറയാതെ പൊട്ടിവീഴുമ്പോഴും ചെന്നവീട് തലകീഴ് മറിക്കുമ്പോഴും നഷ്ടപ്പെടുന്നത് നല്ലൊരു ആതിഥേയനെയാണ് . നല്ല ഒരു അതിഥിക്കേ നല്ല ഒരു ആതിഥേയനാകാ‍ന്‍  കഴുയൂ. എത്ര അടുപ്പമുണ്ടായാല്‍പ്പോലും അന്തരീക്ഷമറിയാതെ ചെല്ലുന്നതു ചിലപ്പോഴൊക്കെ പ്രയാസങ്ങളുണ്ടാക്കും.”

പ്രസാധകര്‍ : കറന്റ് ബുക്സ് , വില : 45 രൂപ

Monday 18 October 2010

26. കാര്‍ പരിചരണം ( ഇന്ത്യാവിഷന്‍ ചാനലിലെ ഓട്ടോഷോ അവതാരകനെഴുതിയ കാറിനെക്കുറിച്ചൂള്ള പുസ്തകം )



ഗ്രന്ഥകാരനെക്കുറിച്ച് :
ബ്ബൈജു എന്‍ നായര്‍
കോട്ടയം പാമ്പാടി വെള്ളൂര്‍ നന്ദനത്തില്‍ നാരായണന്‍ നായരുടേയും ശാന്തയുടേയും മകനായി ജനനം.
എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എ ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
1994 ല്‍ മാതൃഭൂമിയില്‍ സബ്ബ് എഡിറ്ററായി.
1996 ല്‍ ടോപ്പ് ഗിയര്‍ , വാഹനലോകം എന്നീ ഓട്ടോമൊബൈല്‍ പംക്തികള്‍ എഴുതിത്തുടങ്ങി.
2003 ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞ് മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്പ് ഗിയറിന്റെ സ്ഥാപകനും എഡിറ്ററൂമായി . ലൈഫ് അന്‍ഡ് സ്റ്റൈല്‍ , കറന്റ് അഫയേഴ്‌സ് എന്നീമാസികകളുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചു.
ലോകവ്യാപകമായി 1500ലേറെ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട് . 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു . ഇപ്പോള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ ഓട്ടോ ഷോ പ്രോഗ്രാമിന്റെ അവതാരകന്‍ .

കടലിനക്കരെ , ദേശാടനം എന്നീ യാത്രാവിവരണം എഴുതിയിട്ടുണ്ട്.
വിലാസം : നന്ദനം , വെള്ളൂര്‍ , കോട്ടയം 686501
ഇമെയില്‍ :baijunnair@gmail.com
പുസ്തകത്തെക്കുറിച്ച് :
കാറിന്റെ ടയര്‍ , ബ്രേക്ക് , ബാറ്ററി , എ.സി , ഓയില്‍ ,
എന്നിവയെക്കുറിച്ച് ഒരു സാധാരണക്കാരന് മനസ്സിലാകുന്നവിധം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കാര്‍ പരിചരണം : ചെയ്യേണ്ടതും ചെയ്യരുതാത്തതും കാറിന്റെ വെടിപ്പും വൃത്തിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , റണ്ണിംഗ് കോസ്റ്റ് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ , സുരക്ഷിത യാത്രക്കായുള്ള ചില ടിപ്പ്സ് , അപകടമുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് , ഇന്‍ഷുറന്‍സിനെക്കുറിച്ച് എല്‍ പി ഗ്യാസ് ഫിറ്റ് ചെയ്യുംപ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് രജിസ്രേഷന്‍ നടപടികളെക്കുറിച്ച് ഒക്കെ ഈ ഗ്രന്ഥത്തില്‍ പതിപാദിക്കുന്നു’
ഉദാഹരണമായി ഒന്നാമത്തെ അദ്ധ്യായം തന്നെ നോക്കുക
1. ടയറുകളുടെ പരിചരണം
കാറിന്റെ കാലാണ് ടയറുകള്‍ .കാലിനു പരുക്കേറ്റാല്‍ മുടന്തേണ്ടിവരും .ടയറിനു പരുക്കേറ്റാല്‍ വഴിയില്‍ കിടക്കേണ്ടിവരും .കൃത്യമായ പരിചരണത്തിലൂടെ ടയറുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാം. എന്നിങ്ങനെയുള്ള ആമുഖത്തോടെയാണ് ടയറിന്റെ പരിചരണം എന്ന അദ്ധ്യായം തുടങ്ങുന്നതുതന്നെ.
ടയറിലെ എഴുത്തുകള്‍ എന്താണ് ?
വീല്‍ ബാലന്‍സിംഗ് അലൈണ്‍‌മെന്റ് എന്നിവ എന്താണ് ?
ടയറിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനെന്തുചെയ്യണം?
ടയര്‍ എപ്പോഴാണ് കഴുകേണ്ടത് ?
എന്താണ് നൈട്രജന്‍ ഫില്ലിംഗ്
എന്നിവയെക്കുറിച്ചൊക്കെ ഈ അദ്ധ്യായത്തില്‍ ലേഖകന്‍ പ്രതിപാദിക്കുന്നുണ്ട്.
തുടര്‍ന്നുള്ള അദ്ധ്യായങ്ങളും ഈ രീതിയില്‍ പാരായണ സുഖം നല്‍കുന്നവയാണ്.
അതിഭീമമായ സാങ്കേതിക പദാവലി ഉപയോഗിക്കാതിരിക്കാന്‍ ലേഖകന്‍ വളരേ ശ്രേദ്ധിച്ചിട്ടുണ്ടെന്നു കാണം.
പുതുതായി കാര്‍ വാങ്ങിയിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട്
പ്രസാധകര്‍ :
മാതൃഭൂമി ബുക്സ് , വില : 50 രൂ

വാല്‍ക്കഷണം :
ബൈജു എന്‍ നായര്‍ കാറിനെക്കുറിച്ച് മറ്റൊരു പുസ്തകം എഴുതിയിട്ടുണ്ട്.
അതിന്റെ പേരാണ് ‘കാര്‍ വാങ്ങുമ്പോള്‍ ‘

Sunday 17 October 2010

25. കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെ “വിചാരവിപ്ലവം “


പ്രസാധകര്‍ :
പ്രഭാത് ബുക്ക് ഹൌസ് , തിരുവനന്തപുരം
വില: 85 രൂപ
പുസ്തകത്തെക്കുറിച്ച് :
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നതിന് രണ്ട് വര്‍ഷം മുന്‍പ് വിചാരവിപ്ലവത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു.
താഴെ പറയുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്
1.എന്താണ് യുക്തിവാദം ?
2. മതവും സന്മാര്‍ഗ്ഗബോധവും
3.വിശ്വാസവും യുക്തിവിചാരവും
4. എന്താണ് കാര്യകാരണ ബന്ധം ?
5. മാനസികമായ അടിമത്തം
6.ചാര്‍വ്വാകമതം
7.ലിയോണ്‍ ട്രാഡ്‌സ്കി
8...................
...........

വാല്‍ക്കഷണം:
കാര്യമോ കാരണമോ ആദ്യം ഉണ്ടാകുന്നത് ?

24. ബുദ്ധന്‍ ദര്‍ശനങ്ങളുടെ പുസ്തകം


പ്രസാധകര്‍ :
ഒലിവ് , വില : 120 രൂപ.
പരിഭാഷ :
ദീപേഷ് .കെ . രവീന്ദ്രനാഥ്
പുസ്തകത്തെക്കുറിച്ച് :
ലളിതമായ രീതിയില്‍ ബുദ്ധദര്‍ശനം ഈ പുസ്തകത്തിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു.

താഴെ പറയുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്
1.പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ബുദ്ധന്‍ പറയുന്നതെന്ത് ?
2. ധര്‍മ്മപഥസാരം
3.ധര്‍മ്മഗ്രന്ഥങ്ങളുടെ പിറവി
4.ഐറ്റിസ്റ്റീനും ബുദ്ധനും - ദര്‍ശനത്തിലെ സമാനതകള്‍
5. ബുദ്ധനെപ്പറ്റി വിവേകാനന്ദന്‍
6എന്താണ് നിര്‍വ്വാണം
7. ................................
.............
മാത്രമല്ല
ബുദ്ധനെക്കുറിച്ച് ഓഷോ , ജിദ്ദു കൃഷ്ണമൂര്‍ത്തി , എച്ച് .ജി വെത്സ് എന്നിവരുടെ അഭിപ്രായങ്ങള്‍ ലേഖനരൂപേണ

നല്‍കിയിട്ടുണ്ട്.
കൂടാതെ പുസ്തകത്തിന്റെ ഏറ്റവും അവസാനം നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെന്‍ കഥകളുമുണ്ട് ; അതും ഒരു മധുരം

കണക്കെ

23. എട്ടാമത്തെ മോതിരം ( മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ കെ.എം. മാത്യുവിന്റെ ആത്മകഥ )



പ്രസാധകര്‍:
ഡി.സി. ബുക്സ് , വില : 250 രൂപ 

പുസ്തകത്തെക്കുറിച്ച് :
ഇത് മലയാള മനോരമ എഡിറ്ററായ ശ്രീ  കെ.എം. മാത്യുവിന്റെ ആത്മകഥ മാത്രമല്ല ; മലയാള മനോരമ 

ദിനപ്പത്രത്തിന്റേയുംകൂടി കഥയാണ് .
എങ്കിലും ചില കാര്യങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നു .

എന്തുകൊണ്ട് പുസ്തകത്തിന്റെ പേര്‍ “ എട്ടാമത്തെ മോതിരമെന്നായി” ?

അതെ ഗ്രന്ഥകാരനു ഒരു മോതിരവുമായിയുള്ള ആത്മ ബന്ധത്തിന്റെ കഥയാണിത് .
ലേഖകന്റെ അമ്മയുടെ മരണശേഷം  അപ്പച്ചന്‍ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഉരുക്കി ഒന്‍പതുമോതിരങ്ങളുണ്ടാക്കി 

ജീവിച്ചിരുന്ന ഏഴു സഹോദരന്മാര്‍ക്കും സഹോദര പത്നിക്കും പിന്നെ സഹോദരിക്കും നല്‍കി .
ആ മോതിരം  ധരിക്കുമ്പോള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിതന്നിരുന്നു.
പ്രതിജ്ഞ ഇതായിരുന്നു.

“ എപ്പോഴും , പ്രത്യേകിച്ച് എന്തെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍ , ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചീരുന്നെങ്കില്‍ അമ്മക്കു സന്തോഷമാവുന്ന വിധത്തിലും , ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ അമ്മക്ക് സന്തോഷമുണ്ടാകുന്ന രീതിയിലും പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വിനയപൂര്‍വ്വം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ആ സഹായവും ആശയപ്രചോദനവും എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ മോതിരം 
ധരിക്കുന്നു.
ഇതു വായിക്കുമ്പോള്‍ മക്കള്‍ക്കു മാര്‍ഗ്ഗദര്‍ശം നല്‍കുന്ന ഒരു പിതാവിനെ നാം കാണുന്നു. 
ഇത്തരത്തിലുള്ള ഒരു സുസംഘടിത മാര്‍ഗ്ഗദര്‍ശനം ലഭിക്കാന്‍ ഭാഗ്യചെയ്ത ഇവരെ നമുക്ക് അസൂയയോടുകൂടി മാത്രമേ നോക്കിക്കാണനൊക്കൂ.!

അമ്മച്ചിയുടെ കയ്യിലെ മുഴ മാറുവാനൊരു നാട്ടുവൈദ്യം ?
കയ്യിലൊരു മുഴ വന്നാലെന്തുചെയ്യും ?
ഇവിടെ അമ്മച്ചിയുടെ കയ്യിലൊരു മുഴവന്നത് വിവരിക്കുകയാണ് ഗ്രന്ഥകാരന്‍ .
മുഴ കീറണമെന്ന അഭിപ്രായമൊക്കെ വന്നെങ്കിലും അമ്മച്ചി വഴങ്ങിയില്ലെ.
അപ്പോഴാണ് പത്രോസുചേട്ടന്റെ രംഗപ്രവേശം !
അദ്ദേഹം മുഴകണ്ട ഉടനടി ചികിത്സയും വിധിച്ചു.
എന്തെന്നോ ?
പൂമുഖത്തെ ഇറയത്തെ കഴുക്കോലില്‍ തൂങ്ങിക്കിടക്കുക.
അമ്മച്ചി പത്ര്രോസുചേട്ടന്റെ ചികിത്സയിലേര്‍പ്പെട്ടു.
ദിവസവും കുറേ നേരം ഈ ചികിത്സ തുടര്‍ന്നു.
ഫലവും കണ്ടു.
കയ്യിലെ മുഴ പോയി !
ചിലപ്പോള്‍ വ്യായാമത്തിന്റെ ഗുണംകൊണ്ടായിരിക്കാം മുഴപോയതെന്ന് ലേഖകന്‍ ഊഹിക്കുന്നു.
എങ്കിലും ഈ രീതി നമുക്കും പരീക്ഷിച്ചു നോക്കാവുന്നതല്ലേ ?

സഞ്ചാര സ്വാതന്ത്ര പ്രമേയം തോറ്റതെന്തുകൊണ്ട് ?

നമുക്കറിയാം വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച സഞ്ചാര സ്വാതന്ത്ര പ്രമേയത്തെക്കുറിച്ച് .
അതിനെക്കുറിച്ച് പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു.
1924 ഒക്ടോബര്‍ 2 ന് ഈ പ്രമേയം സഭയില്‍ അവതരിപ്പിച്ചൂ.
അവതരിപ്പിച്ചത് കുമാരനാശാനുശേഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായ എന്‍. കുമാരനായിരുന്നു.
പ്രസ്തുത പ്രമേയം ഒരു വോട്ടിനാണ് പരാചയപ്പെട്ടത് !
ഡോഃ പല്പുവിന്റെ സഹോദരന്‍ പരമേശ്വരന്‍ പ്രമേയത്തിനെതിരായി വോട്ടുചെയ്തു!!

1888 എന്ന വര്‍ഷത്തിന്റെ പ്രത്യേകതയെന്ത്?
തീര്‍ച്ചയായും ആ മൂന്ന് എട്ടുകള്‍ക്ക് ഒരു ഭംഗിയില്ലേ 
ആരേയും ആകര്‍ഷിക്കുന്ന ഒരു നമ്പര്‍ .
ഈ വര്‍ഷത്തിലാണ് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള മലയാള മനോരമ കമ്പനി സ്ഥാപിച്ചത് .
അതുമാത്രമാണോ?
മറ്റുചില പ്രത്യേകതകള്‍ കൂടി ആ വര്‍ഷത്തിന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.
ആ വര്‍ഷത്തെ ശിവരാത്രി ദിവസം അരുവിപ്പുറത്ത് ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് ശിവലിഗമാക്കി പ്രതിഷ്ഠിച്ച ഗുരുദേവന്‍ ഒരര്‍ഥത്തില്‍ സാ‍മൂഹിക വിപ്പ്ലവത്തിന്റെ സമരപാതയാണ് ഉയര്‍ത്തിയത് .
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ മുന്‍‌കൂട്ടിയുള്ള അനുമതികൂടാതെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കരുതെന്ന നിയമത്തെ അദ്ദേഹം ലംഘിച്ചു!
മറ്റൊരു പ്രത്യേകതകൂടി ഈ വര്‍ഷത്തിനുണ്ട് !
തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഇന്ത്യയില്‍ ആദ്യമായി ഒരു നിയമനിര്‍മ്മാണസഭക്ക് ബീചാവാപം ചെയ്തതും 1888ല്‍ ആണ്.

സര്‍ .സി .പി യുടെ ക്രൂരചെയ്തികള്‍ ?
സി .പി  ദിവാനായി വന്നപ്പോള്‍ ഉണ്ടായ ക്രൂരതകള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
മനോരമ കുടുംബത്തിനോട് സി പിക്കുണ്ടായ പക ഏറെ വിശദമായി തന്നെ പ്രതിപാതിക്കുന്നുണ്ട് ഈ പുസ്തകത്തില്‍ .

ഇങ്ങനെ ഒട്ടേറെ രസകരമായ കാര്യങ്ങള്‍ , ചരിത്രരേഖകള്‍ , വ്യക്തികള്‍ , സംഭവങ്ങള്‍ എന്നിവ ഈ 
പുസ്തകവായനയിലൂടെ നമുക്ക് ലഭിക്കുന്നു.

വാല്‍ക്കഷണം :
മലയാള മനോരമ എഡിറ്ററായ ശ്രീ  കെ.എം. മാത്യുവിന്റെ ആദ്യ പുസ്തകം “ അന്നമ്മ” യാണ്.
യഥാര്‍ത്ഥത്തില്‍ അത് വായിച്ചിട്ടാണ് ഇത് വായിക്കേണ്ടത് .

Saturday 9 October 2010

22. ബുദ്ധന്‍ പിറന്ന മണ്ണില്‍ (മോഹനവര്‍മ്മയുടെ യാത്രാവിവരണം)



ബുദ്ധന്‍ പിറന്ന മണ്ണില്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു വേറിട്ട ഒരു ഭാവവും ആകാംക്ഷയും നമ്മില്‍ നിറയുന്നു.
പ്രത്യേകിച്ച് ഗ്രന്ഥകര്‍ത്താവ് പ്രസിദ്ധ സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ്മകൂടി ആകുമ്പോള്‍ .
മോഹനവര്‍മ്മയുടെ പ്രസിദ്ധനോവലായ ഓഹരി മലയാളിയുടെ മനസ്സില്‍ ഒരു പ്രത്യേക വഴിത്തിരിവു തന്നെയാണ്
ഉണ്ടാക്കിയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ മോഹന വര്‍മ്മയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് കൌതുകമല്ലേ.
1936 ല്‍ ചേര്‍ത്തലയിലാണ് മോഹനവര്‍മ്മ ജനിച്ചത് .
പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ അഡേക്കറ്റ് എം. ആര്‍ . കേരളവര്‍മ്മയായിരുന്നു. അക്കൌണ്ട്‌സിലും മാനേജ്‌മെന്റിലും
ബിരുദങ്ങള്‍ നേടി. ഇന്ത്യന്‍ ഗവണ്മെന്റ് സര്‍വ്വീസിലായിരുന്നു ജോലി .
അവിടെ നിന്ന് വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങി.
കുറച്ചുകാലം പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും രണ്ടു വര്‍ഷം കുവൈറ്റില്‍ അക്കൌണ്ട്സ് മാനേജരായും ജോലിനോക്കി.
ഒന്നര വര്‍ഷം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഭാര്യ : രാധികാ വര്‍മ്മ
മകന്‍ : സുഭാഷ്
മകള്‍ : കവിത
വിലാസം എം. ഐ.ജി , 429 , പനമ്പിള്ളി നഗര്‍
കൊച്ചി . ഫോണ്‍ 0484 310987

പുസ്തകത്തെക്കുറിച്ച് .

ഇതൊരു യാത്രാവിവരണമാണ് . ചരിത്രവും സമകാലീനവും ഒന്നിച്ചുചേരുന്ന വിവരണം.
ഏതൊരു സ്ഥലവും പ്രസിദ്ധമാകുന്നതില്‍ മുഖ്യപങ്ക് അതിന്റെ ചരിത്രത്തിനുണ്ടല്ലോ .
ഇവിടെ ശ്രീ മോഹനവര്‍മ്മ യാത്രാവിവരണം തുടങ്ങുന്നതിനുമുമ്പേ തന്നെ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കിത്തരുന്നു.
കുശി നഗരത്തില്‍ വെച്ചുള്ള ശ്രീ ബുദ്ധന്റെ നിര്‍വ്വാണത്തെ അനുസ്മരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നതുതന്നെ .
അതും ബി സി 544 ലെ കഥ പറഞ്ഞുകൊണ്ട്...........
കുശിനഗരം ഭാരതത്തിലാണെങ്കിലും ബുദ്ധന്‍ ജനിച്ച സ്ഥലമായ ലുംബിനി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത് .
ഭാരതീയര്‍ക്കും മാത്രം നേപ്പാളില്‍ പ്രവേശിക്കുവാന്‍ പാസ്പോര്‍ട്ടും വിസയുമൊന്നും വേണ്ടത്ര!
ബുദ്ധഗയ എന്നുപ്രസിദ്ധിനേടിയ ഉരുവേല നഗരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തില്‍ ചുരുങ്ങിയവരികള്‍ക്കൂടിയാണെകിലും

വ്യക്തമാക്കുന്നുണ്ട്.
ബുദ്ധന്‍ ആ സ്ഥലത്താണ് ആറുവര്‍ഷം കഠിനമായി തപസ്സുചെയ്തത് .
സ്വപ്രയത്നംകൊണ്ട് ലക്ഷ്യത്തിലെത്തുവാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു അത് .

അശോകനും ശ്രീബുദ്ധനും :

അശോക മഹാരാജാവിന്റെ ശക്തി ഇന്നത്തെ നമ്മുടെ ജനാധിപത്യസര്‍ക്കാരിലും അനുഭവപ്പെടുന്നു എന്നത് ഇവിടെ പ്രസ്താവ്യാര്‍ഹമായഒന്നാണ് .
അശോകന്‍ ബിന്ദുസാരമഹാരാജാവിന്റെ പുത്രനും മൌര്യവംശസ്ഥാപകനായിരുന്ന ചന്ദ്രഗുപ്തന്റെ പുത്രനുമായിരുന്നു.
ബുദ്ധന്റെ മരണത്തിനുശേഷം 200 വര്‍ഷങ്ങള്‍ക്കുശേഷമാണ് അശോകന്റെ ജനനം .
അതായത് ഇന്നേക്ക് 2300 വര്‍ഷങ്ങള്‍ക്കുമുന്‍പ്
കലിംഗയുദ്ധം അശോകചക്രവര്‍ത്തിയെ മാറ്റിമറിച്ച കഥ നമുക്ക് അറിവുള്ളതാണല്ലോ .
യുദ്ധത്തിനുശേഷം................
ഒരു വര്‍ഷം ബുദ്ധസംഘത്തിലെ അന്തേവാസിയായി കഴിച്ചുകൂട്ടിയെ അശോകന്‍ ബുദ്ധന്‍ പിറന്ന മണ്ണായ ലുംബിനിയിലേക്ക് ഒരു
തീര്‍ഥയാത്ര നടത്തി.
അദ്ദേഹം അവിടെ സ്മാരകങ്ങള്‍ പണിതു.
അങ്ങനെ അതിന്റെകൂടെ അശോക സ്തംഭങ്ങളും ഉയര്‍ന്നു വന്നു.
ഈ സ്തംഭങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട് .
ഒന്ന് അവ അശോകന്റെ അതിര്‍ത്തികളെ പ്രഖ്യാപിക്കുന്നു.
മറ്റൊന്ന് , അശോകന്റെ ധര്‍മ്മശാസനകളെ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു.
ഈ സന്ദര്‍ശനത്തില്‍ അശോകന്‍ ജനങ്ങള്‍ക്ക് വേണ്ടി മഹത്തായ ഒരു കാര്യം ചെയ്തു !
തന്റെ സന്ദര്‍ശനം പ്രമാണിച്ച് നികുതിഭാരം ഒഴിവാക്കിക്കൊടുത്തു.

അങ്ങനെ അശോകചക്രവര്‍ത്തിയുടെ ലുംബിനി തീര്‍ഥാടനം ലോകം എന്നും ഓര്‍ക്കുന്ന ചരിത്രസംഭവമായി മാറി.

ഹുയാ‍ങ് സാങിന്റെ സന്ദര്‍ശനം :

അത് ഏഴാം നൂറ്റാണ്ടിലായിരുന്നു........
അദ്ദേഹം പത്തുവര്‍ഷക്കാലം ഭാരതത്തിന്റെ ബുദ്ധക്ഷേത്രങ്ങളില്‍ യാത്രനടത്തി.
നളന്ദാ വിദ്യാലയത്തില്‍ കുറേക്കാലം താമസിച്ച് പഠിച്ചു.
മഹായാന ബുദ്ധമതത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്

പുനര്‍ജന്മം ??

ബുദ്ധമതം പുനര്‍ജ്ന്മത്തില്‍ വിശ്വസിക്കുന്നു.
ഭൌതിക വാദത്തിലൂടെ നീങ്ങുകയായിരുന്ന ബുദ്ധന് എങ്ങനെ ഈ പുനര്‍ജന്മസിദ്ധാന്തത്തില്‍ വിശ്വാസം ജനിച്ചു എന്ന് സംശയംനമുക്ക് തോന്നം.
പുനര്‍ജന്മ സിദ്ധാന്തം മനുഷ്യബന്ധങ്ങള്‍ - മരണം - എന്നിവക്ക് ആശ്വാസം നല്‍കുന്നൊരു വിശ്വാസമാണോ ?
മറ്റുജീവികളെ സഹാനുഭൂതിയോടെ ദര്‍ശിക്കുന്നതിന് സാധാരണക്കാരെ പ്രാപ്തമാക്കുന്നതില്‍ വിജയിക്കുമോ ?
അഹിംസാ സിദ്ധാന്തത്തിന്റെ വളര്‍ച്ചക്ക് ഇത് സാധിച്ചില്ലേ ?
എന്നീട്ടും ബുദ്ധന്റെ മരണകാരണമായ ഭക്ഷണം........?

ബുദ്ധന്റെ ഉപദേശങ്ങള്‍ പാലീഭാഷയില്‍ ഗ്രന്ഥരൂപത്തിലാക്കപ്പെട്ടവയാണ് തിപിടകങ്ങള്‍
ഇവയുടെ മൂലരൂപങ്ങള്‍ പലതും നഷ്ടമായി ക്കഴിഞ്ഞിരുക്കുന്നു.
സാധാരണക്കാര്‍ക്കുവേണ്ടി ഈ തത്വങ്ങള്‍ ലളിതമാക്കിയതാണ് ജാതകകഥകള്‍

ലുംബിനി വീണ്ടും കണ്ടുപിടിക്കപ്പെടുന്നു?

അത് സംഭവിച്ചത് 1865 ല്‍ ആണ് .
അന്ന് ഇവിടം കാടുപിടിച്ചു കിടക്കുകയായിരുന്നു.
എ എ ഫുറര്‍ എന്ന പുരാവസ്തു ഗവേഷകന്‍ ശ്രീ ബുദ്ധനെക്കുറിച്ചുള്ള ഗവേഷണം നടത്തി ചില പുരാതന ശില്പങ്ങള്‍ കണ്ടെടുത്തു.
പിന്നീട് കണ്ടെടുത്ത സ്ഥലം വിശദമായി പരിശോദിച്ച് അത് ബുദ്ധന്റെ ജനനസ്ഥലമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പക്ഷെ , ഇതിന് പ്രാപ്തമാ‍ക്കിയ സംഭവങ്ങള്‍ -- നാടകീയ രംഗങ്ങള്‍ - ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് .
ഇതൊക്കെ ചരിത്രസംഭവങ്ങള്‍ ........
ഈവകകാര്യങ്ങളൊക്കെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുമുണ്ട് .
പക്ഷെ , ഇവയിലൂടെ ഇപ്പൊള്‍ മോഹനവര്‍മ്മ കടന്നുപോകുമ്പോള്‍ ...
അനുഭവപ്പെടുന്ന കാര്യങ്ങള്‍ .....
സാക്ഷിയാകേണ്ടിവന്ന സംഭവങ്ങള്‍.........
സഹയാത്രികരാകേണ്ടിവന്ന കഥാ പാത്രങ്ങള്‍...........
ഇവരെയൊക്കെ ഈ പുസ്തകവായനയിലൂടെ നമുക്കും പരിചയപ്പെടാം
അതും ഒരു ഭാഗ്യമല്ലേ .
ഏതൊരു സ്ഥലവും സന്ദര്‍ശിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രവും പ്രാധാന്യവും നാം മുന്‍പേ മനസ്സിലാക്കിയിരിക്കണമെന്ന

തത്ത്വം മോഹനവര്‍മ്മ പാലിച്ചിട്ടുണ്ടെന്ന്‍ ഈ യാത്രാവിവരണത്തില്‍ നിന്ന് നമുക്ക് ബോദ്ധ്യമാകും

പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
വില : 40 രൂ

Wednesday 6 October 2010

21. ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ ( സത്യന്‍ അന്തിക്കാടിന്റെ ജീവിതവും സിനിമയും )


ഗ്രന്ഥകാരനെക്കുറിച്ച് :

ശ്രീകാന്ത് കോട്ടക്കല്‍ , 1977 ല്‍ കെ.സി .രാജയുടേയും കെ.ഇ .ശോഭനയുടേയും മകനായി കോഴിക്കോട് ജനനം .
ഇപ്പോള്‍ മാതൃഭൂമി പീരിയോഡിക്കല്‍സ് വിഭാഗത്തില്‍ , തോഴില്‍ വാര്‍ത്തയില്‍ സബ്ബ് എഡിറ്റര്‍
e-mail : sreekanthsmile@gmail.com
പ്രസാധകര്‍ : ഒലിവ് ബുക്സ്
വില : 150 രൂപ

******************
***********************************
***********************************
******************
പുസ്തകത്തെക്കുറിച്ച് :
ഈ പുസ്തകം വായിക്കുന്നതിനുമുമ്പേതന്നെ ശ്രീ സത്യന്‍ അന്തിക്കാടിന്റെ “ഓര്‍മ്മകളുടെ കുടമാറ്റം “ എന്ന ആത്മകകഥാസ്പര്‍ശിയായപുസ്തകം വായിച്ചിരുന്നു. ( അതിനെക്കുറിച്ച്
ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം)
ഹൃദയസ്പര്‍ശിയായ ആ പുസ്തകം സത്യസന്ധതയും ആത്മാര്‍ഥതയും കഠിനാദ്ധ്വാനിയും ദൃഡനിശ്ചയവും ലക്ഷ്യബോധവുമുള്ള ഒരുവ്യക്തിയെയാണ് ചൂണ്ടിക്കാണിച്ചുതന്നത് .മനുഷ്യ ബന്ധങ്ങളെ പണത്തിനേക്കാളുമുപരി വില കല്പിക്കുന്ന അന്തിക്കാട്ടുകാരനായ ഈ
വ്യക്തിയുടെ ഓര്‍മ്മകളെ നമുക്കൊപ്പം പങ്കുവെക്കുമ്പോള്‍ സാധാരണക്കാരനു ലഭിക്കുന്ന ഹൃദായാനുഭൂതി അനിര്‍വ്വചനീയമാണ്.
അങ്ങനെയുള്ള പുസ്തകം വായിച്ചുകഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കണ്ടത് .
കണ്ടപ്പോള്‍ പ്രത്യേകിച്ച് ഒരു മമതയും തോന്നിയില്ല
കാരണം , സത്യന്‍ അന്തിക്കാടിന്റെ പുസ്തകം സത്യന്‍ അന്തിക്കാട് തന്നെ എഴുതിയത് വായിച്ചിരിക്കുന്നു .
പിന്നെ , ഈ വിഷയത്തെക്കുറിച്ച് മറ്റൊരാ‍ള്‍ എഴുതിയത് വായിക്കുവാന്‍ മെനക്കെടണോ എന്ന ഒരു ചിന്ത അവനവന്റെ കാര്യം അവനവനേക്കാളും വല്ലവരും എഴുതിയാല്‍ ശരിയാകുമോ എന്ന ന്യായം കൂട്ടിനുമുണ്ടായിരുന്നു.
എന്തായാലും ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുത്ത് തുറന്നുനോക്കി.
പെട്ടെന്ന് ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
എന്റെ സംശയത്തെ ന്യായീകരിക്കാനായി ലൂയി ഫിഷര്‍ എഴുതിയ The Life Of Mahathama Gandhi എന്ന പുസ്തകത്തിന്റെ മഹിമയെയാണ് ഗ്രന്ഥകാരന്‍ കൂട്ടുപിടിച്ചിരിക്കുന്നത് . പത്തിരുപതുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഗാന്ധിസത്തോടുള്ള ആഭിമുഖ്യത്താല്‍ ഈ
പുസ്തകത്തിനെ പെരുമയെക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു.

“കോണ്‍ഗ്രസ്സിന് മുതലാളിമാരില്‍ നിന്ന് സംഭാ‍വന പിരിക്കുമ്പോള്‍ ഈ മുതലാളിമാരുടെ താല്പര്യപ്രകാരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കേണ്ടിവരില്ലേ എന്ന ചോദ്യവും കോണ്‍ഗ്രസ്സ് മുതലാളിമാരുടെ പണമാണ് സംഭാവനയായി സ്വീകരിക്കുന്നത് അല്ലാതെ
താല്പര്യമല്ല എന്ന ഗാന്ധിയുടെ ഉത്തരവും അന്ന് ഏറെ പ്രസിദ്ധാമായിരുന്നു .ചോദ്യോത്തരം ലൂയിഫിഷറിലൂടെയായിരുന്നു വെളിച്ചംകണ്ടത് “
അങ്ങനെയെങ്കില്‍ .............
അത് ശരിയാണെങ്കില്‍ .............
............
എന്തായാലും പുസ്തകം ലൈബ്രറിയില്‍ നിന്ന് എടുത്തു.

******************
***********************************
***********************************
******************

സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ കുടമാറ്റത്തിലെ ലളിതമായ ശൈലി - അതായത് ലളിതമായ പദങ്ങളുടെ പ്രയോഗം - വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഒരു നാടന്‍ ഭക്ഷണം ലഭിച്ചാലുള്ള ‘ഒരു നോസ്റ്റാള്‍ജിയ ’ കലര്‍ത്തിയ സന്തോഷം നല്‍കിയിരുന്നു.
അതുപോലെയൊക്കെ ഈ കൊച്ചുപയ്യന് എഴുതിഫലിപ്പിക്കുവാന്‍ പറ്റുമോ എന്ന ഒരു ചോദ്യവും മനസ്സില്‍ ഉണ്ടായിരുന്നു.
പക്ഷെ , ഈ പുസ്തകത്തിലെ ആദ്യത്തെ രണ്ടുപേജുകഴിഞ്ഞപ്പോള്‍ മനസ്സിന് ‘വിമ്മിഷ്ടം‘ ഉണ്ടായി.
അതിനു കാരണം , സാഹിത്യത്തിലെ ‘കൊളസ്ട്രോളണിഞ്ഞ ‘ ചില പദപ്രയോഗങ്ങളോടുള്ള എന്നിലെ വിരക്തിയാകാനും മതി.
പിന്നേയും ഞാന്‍ ഈ പുസ്തകത്തെ നോക്കിക്കണ്ടത് മുന്‍‌വിധിയായ സംശയത്തോടെയായിരുന്നു .
കാരണം , ഇപ്പോഴത്തെ ജര്‍ണലിസം പഠിച്ച പിള്ളേരുടെ എഴുത്ത് എങ്ങനെയിരിക്കും ?
അതും ജീവിതമാകുന്ന സര്‍വ്വകലാശാലയില്‍ നിന്ന് ഉയര്‍ന്നു വന്ന സത്യന്‍ അന്തിക്കാടിനെപ്പറ്റിയുള്ളതാകുമ്പോള്‍ ?
ഇതൊക്കെ എന്റെ മുന്‍‌വിധിയല്ലേ എന്ന് വിചാരിച്ച് വീണ്ടും വായനതുടര്‍ന്നു
പിന്നീടാണ് ആ ശൈലി പിടുത്തം കിട്ടിയത് .
വ്യക്തിജീവിതത്തെ മറ്റ് സ്കെയിലുകള്‍ ഉപയോഗിച്ച് അളന്ന് , താരതമ്യപ്പെടുത്തി , ഉരച്ചുനോക്കി വിശേഷഗുണങ്ങള്‍ മനസ്സിലാക്കിത്തരുന്ന അവസ്ഥ ........
അത് എന്നെ സംബന്ധിച്ച് ഒരു പുതുമയായിരുന്നു.
ശരിയാണ് ഇത് സത്യന്‍ അന്തിക്കാടിന് ചെയ്യുവാനൊക്കുമോ ?
ഇല്ല , തീര്‍ച്ചയായും ഇല്ല.
ഇനി അങ്ങനെ ചെയ്താലോ .........
സ്വയം പൊക്കിയെന്നെ വിശേഷണമാവും ലഭിക്കുക.
അപ്പോള്‍ അതിനൊരാള്‍ വേണം
തീര്‍ച്ചയായും ഒരാള്‍ വേണം
അത് സാധാരണക്കാ‍രനായാലും പോര ?
വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവ് ......
അതിലെ പ്രത്യേകതകള്‍ കണ്ടെത്തുവാനുള്ള കഴിവ് .....
അതിലെ വ്യക്തിത്വ സവിശേഷതയെ വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് .....
ഇതൊക്കെ ഈ ഗ്രന്ഥകാരനുണ്ടെന്ന് ഏറെ പേജുകള്‍ വായിച്ചുനീങ്ങിയപ്പോള്‍ മനസ്സിലായി.
എന്തായാലും ഞാന്‍ ലൂയിഫിഷറിനു നന്ദി പറഞ്ഞു
ആ നന്ദി അഭിനന്ദനരൂപേണ ശ്രീകാന്ത് കോട്ടക്കലിനും കൈമാറുന്നു; ഇത്തരമൊരു പുസ്തകരചനക്ക് മുന്നിട്ടിറങ്ങിയതിന്

******************
***********************************
***********************************
******************

‘പെഴ്‌സണാലിറ്റി ഡവലപ്പ്മെന്‍ഡ്’ ക്ലാസെടുക്കുന്നവര്‍ അറിയേണ്ട കാര്യമുണ്ട് ഇതില്‍ .....
മുന്‍ പറഞ്ഞ വിഷയം അറിഞ്ഞോ അറിയാതെയോ ക്ലാസ് മുറിയില്‍ ഉപയോഗിക്കുന്ന ടീച്ചേഴും അറിഞ്ഞിരിക്കേണ്ട സംഗതിയുണ്ടിതില്‍ ...
ശ്രീ സത്യന്‍ അന്തിക്കാട് പത്താം ക്ലാസ് തോറ്റതാണ് !!.
ജീവിതത്തില്‍ ഇന്നുവരെ ഒരു കഥയോ കവിതയോ എഴുതാത്ത എത്രയോ സാഹിത്യാദ്ധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നത് ?
അവരോട് ഇന്നതാവണം , ഇങ്ങനെയാകണം എന്നൊക്കെ ഘോരം ഘോരം പ്രസംഗിക്കുന്നത് ?
അഥവാ തല്‍ക്കാലത്തിന് എന്തെങ്കിലും സാഹിത്യവാസനയോ പ്രസംഗിക്കാനോ ഒക്കെ ഉള്ള കഴിവുണ്ടെങ്കില്‍ അത് വിദ്യാലയത്തിലേയോ കലാ‍ലയത്തിലേയോ കൊച്ചുമാസികകളിലോ അല്ലെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും പരിപാടി തട്ടിക്കൂട്ടി , പ്രസ്തുത പരിപാടി നടക്കുന്ന സ്റ്റേജിലോ മറ്റോ പ്രകടിപ്പിച്ച് ഫോട്ടോയും വിവരണവും പത്രത്തില്‍ കൊടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ
സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്ന അദ്ധ്യാപകര്‍ അറിയേണ്ട കാര്യവുമുണ്ട് ഈ പുസ്തകത്തില്‍
ഓര്‍ക്കുക കുട്ടികളുടെ കഴിവാണ് തിരിച്ചറിയപ്പെടേണ്ടത് ....
ആത്മാര്‍ത്ഥത , സത്യസന്ധത , അദ്ധ്വാനശീലം , ലക്ഷ്യബോധം ,പണത്തിനേക്കാളുമുപരി മനുഷ്യബന്ധങ്ങളെ വിലമതിക്കല്‍ എന്നിവ
കുട്ടികളില്‍ വളര്‍ത്തെപ്പെടേണ്ട ഒന്നാണ് .

******************
***********************************
***********************************
******************

പണ്ടുകാലത്തെ ‘മാതൃഭൂമി ബാലപംക്തി ‘ സത്യനില്‍ ഉണര്‍ത്തിയ ആവേശം അപാരമാണ് .
ബാലപംക്തിയിലേക്ക് സാഹിത്യത്തില്‍ താല്പര്യമുള്ള ധാരാളം കുട്ടികള്‍ രചനകള്‍ അയക്കുമായിരുന്നു.
അവയില്‍ മികച്ചവയാണ് അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധികരിച്ചിരുന്നത് .
ധാരാളം രചനകള്‍ തിരിച്ചയക്കപ്പെടുമായിരുന്നു.
എങ്കിലും തിരിച്ചയപ്പെടുന്ന രചനകളില്‍ നല്ലവ ഉണ്ടെങ്കില്‍ അവ തിരുത്തിയും കാരണങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു.
(ഇങ്ങനെയുള്ളവയുടെ എണ്ണം അധികമായതുകൊണ്ടാണോ കയ്യക്ഷരം മോശമായത് ?)
അന്നതിന്റെ ചാര്‍ജ്ജ് കുഞ്ഞുണ്ണിമാഷിനായിരുന്നു.
ഒരാളിന്റെ ഗുരുവാകാന്‍ ആ വ്യക്തിയുടെ ക്ലാസില്‍ ഇരിക്കേണ്ട കാര്യമില്ല എന്ന ഏകലവ്യ വചനം ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു
അദ്ധ്യാപകന്‍ ജീവിക്കുന്നത് ശിഷ്യരിലൂടെയാണ് എന്ന വചനവും ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു.

ഇങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് വ്യക്തിയെ എത്രയെത്ര ഉയര്‍ത്തുവാന്‍ പറ്റുമെന്നതിനുള്ള ഒരു സൂചനകൂടി ഇവിടെയുണ്ട് എന്നു നാം

മനസ്സിലാക്കുന്നു.
അങ്ങനെ ഉയര്‍ത്തെപ്പെട്ടവരില്‍ ഒരാള്‍ ശ്രീ സത്യന്‍ അന്തിക്കാടായതുകൊണ്ട് ...
സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഭവങ്ങളുമൊക്കെ അടങ്ങുന്ന സിനിമകള്‍ ഉണ്ടായി എന്നു തന്നെ പറയാം.
ഇന്ന് അത്തരം പ്രസ്ഥാനങ്ങളുടെ അഭാവം സമൂഹത്തിനുണ്ടോ ?
ഉണ്ടെങ്കില്‍ ???

******************
***********************************
***********************************
******************

ഒന്നും ഒന്നും തമ്മില്‍ കൂട്ടിയാലെത്ര?
രണ്ട് എന്ന് ഉത്തരം
എന്നാല്‍ രണ്ട് തലച്ചോറുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നാലോ ?
ഫലം രണ്ടല്ല ; മറിച്ച് അനന്തമാണ് .
ഒരു മനശ്ശാസ്ത്ര പുസ്തകത്തില്‍ വായിച്ചതാണ് ഈ സൂത്രവാക്യം ?
അനുയോജ്യമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നത് ജീവിത വിജയത്തിനുതകുന്ന വഴിയാണ്.
പക്ഷെ , അനുയോജ്യ,മായ മനസ്സുള്ള ഒരാളെ കണ്ടെത്തേണ്ടെ ....
അത് പലര്‍ക്കും സാധിക്കാത്ത ഒന്നാണ്
ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ ..
പക്ഷെ , സത്യന്‍ അന്തിക്കാടിന്റെ കാര്യത്തില്‍ അങ്ങനെയുള്ള ഭാഗ്യം ലഭിച്ചു.
അത്തരമൊരു സുഹൃത്തിനെ കണ്ടുമുട്ടി .
അതാണ് ശ്രീ “ ശ്രീനിവാസന്‍ “!!
സാധാരണക്കാരനായ സത്യന്‍ അന്തിക്കാട് !
സാധാരണക്കാരനായ ശ്രീനിവാസന്‍ !

അവരുടെ ചര്‍ച്ചകളും ചിന്തകളും ഒന്നിച്ചു ചേന്നു.
ചിലപ്പോള്‍ വിമര്‍ശനവിധേയമായി
ചിലപ്പോള്‍ പിണങ്ങി
അധികം താമസിയാതെ ഇണങ്ങി.
കഥ നെയ്തെടുക്കുന്നതില്‍ അവര്‍ ഒന്നിച്ച് പരിശ്രമിച്ചു.
അത് വിജയം കൊയ്തു.
രണ്ടല്ല പതിന്മടങ്ങ് ..


******************
***********************************
***********************************
******************


പക്ഷെ , സമാന ചിന്താഗതിക്കാരായ രണ്ടുപേരുണ്ടെങ്കില്‍ അതിലെ അംഗസംഖ്യ വര്‍ദ്ധിക്കുമോ ?
തീര്‍ച്ചയായും ഇല്ല .
കാരണം , സ്വാര്‍ത്ഥതതന്നെ .
പക്ഷെ , ഇവരുടെ കാര്യത്തില്‍ അംഗസംഖ്യ വര്‍ദ്ധിച്ചു .
കാരണം , സ്വാര്‍ത്ഥത ഇല്ലായ്മതന്നെ !!
ഇന്നസെന്റ് , മോഹന്‍ ലാല്‍ എന്നിവര്‍ കൂടി ഈ സംഘത്തില്‍ ചേര്‍ന്നു.
അതും അന്തിക്കാടിന്റെ തൊട്ടടുത്ത ദേശക്കാരനായ ഇരിഞ്ഞാലക്കുടക്കാരന്‍ ഇന്നസെന്റ്
മോഹന്‍ ലാലിനെക്കുറീച്ച് ശ്രീ സത്യന്‍ അന്തിക്കാട് പറയുന്നത് ഇപ്രകാരമാണ്
തന്റെക്കൂടെ എപ്പോഴും സഞ്ചരിച്ചിരുന്ന അരൂപിയായ ഒരാള്‍ .
അതെ , ഒരു സാഹിത്യകാരന്റെയൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെക്കുറീച്ച് പലരും എഴുതിയിട്ടുണ്ടല്ലോ
ഇവരുടെയൊക്കെ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കി
അതുണ്ടാക്കിയ മുന്നേറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്
ദാസന്റേയും വിജയന്റേയും രൂപത്തില്‍ ആ ഗ്രാമീണ മന്ദമാരുതന്‍ കേരളത്തില്‍ അപൂര്‍വ്വമായ വിജയം കരസ്ഥമാക്കിയത് നമുക്ക്

അറിവുള്ളതാണല്ലോ
വിദേശത്തും ഈ നാടന്‍ പലഹാരത്തിന് ഡിമാന്‍ഡായി.

******************
***********************************
***********************************
******************

സത്യന്‍ അന്തിക്കാടിന്റെ പല ചിത്രങ്ങളിലും ശങ്കരാടി ഉണ്ട് .
പക്ഷെ , അദ്ദേഹം കണ്ടശ്ശങ്കടവുകാരനാണെന്ന തിരിച്ചറിവ് ഇപ്പോഴാണ് ഉണ്ടായത് .
അതുകൊണ്ടുതന്നെ അത്തരം ഒരു ബന്ധം സത്യന്റെ സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകില്ലേ ?
പുസ്തകം വായിച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാം

******************
***********************************
***********************************
******************

മനുഷ്യ ബന്ധങ്ങള്‍ സമൂഹത്തില്‍ വിജയം കൊയ്തെടുത്ത കഥ പലപ്പോഴും വായിച്ചിട്ടുണ്ട് .
അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
എങ്കിലും സത്യന്‍ അന്തിക്കാടിന്റെ കൂട്ടുകെട്ടിന്റെ വിജയം അഭിനന്ദനാര്‍ഹമാണ്
മാതൃകയാണ്.
പല സ്കൂളുകളിലും പോയിട്ടുണ്ട് .
സ്റ്റാഫ് റൂം സന്ദര്‍ശിച്ചിട്ടുണ്ട് .
സ്റ്റാഫ് റൂം കഥകള്‍ കേട്ടിട്ടുണ്ട്.
വിജയിച്ച സ്ക്കുളുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
സമൂഹത്തിന് മാതൃകയായ സ്കൂളുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
അതാണ് അവിടത്തെ സ്റ്റാഫ് റൂം
കുത്തില്ല , കുഴപ്പമില്ല , ഗ്രൂപ്പ് വഴക്കില്ല .
സമാധാനവും സന്തോഷവും നല്‍കുന്ന അന്തരീക്ഷം
ചേര്‍ച്ചയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍
അഥവാ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍പ്പോലും മുറിപ്പാടുകള്‍പോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കുന്ന സീനിയര്‍ അദ്ധ്യാപകര്‍ .
അത്തരത്തിലുള്ള വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയായിരിക്കുമെന്ന് പറയേണ്ടല്ലോ
പക്ഷെ , വിജയശതമാനം മാത്രം നോക്കി സ്കൂളിനെ വിലയിരുത്തുമ്പോള്‍ ഇവക്ക് പലപ്പോഴും അംഗീകാരം കിട്ടാറില്ല എന്നത് ഒരു

സത്യമാണ്.


******************
***********************************
***********************************
******************

കൂട്ടുകെട്ടുകള്‍ എന്നും നിലനില്‍ക്കുമോ ?
അതെങ്ങനെ നിലനില്‍ക്കും
സാഹചര്യങ്ങള്‍ മാറുകയല്ലേ
പ്രപഞ്ചം തന്നെ മാറ്റത്തിന് വിധേയമാവുകയല്ലേ
മാറ്റത്തിന് മാറ്റമില്ലാതിരിക്കുമോ ?
ഗ്രാഫിലെ X അക്ഷത്തിനും Yഅക്ഷത്തിനും Zഅക്ഷത്തിനും മാറ്റമില്ലാതെ നിറുത്തുവാന്‍ ഈശ്വരനുപോലും സാധ്യമല്ലല്ലോ .
അതുകൊണ്ടുതന്നെ ഇവിടേയും മാറ്റത്തിന് വിധേയമാകേണ്ട അവസ്ഥ സംജാതമായി .
ആദ്യം സംഘത്തോട് വിടപറഞ്ഞത് ശ്രീ മോഹന്‍ലാല്‍ ആണ്.
ആ നിമിഷത്തില്‍ ഏതൊരു അവസ്ഥയായിരിക്കും സത്യന്‍ അന്തിക്കാടിന് അനുഭവപ്പെട്ടിരിക്കുക ?
തന്റെ കഥാ പാത്രവുമായി ചേര്‍ച്ചയുള്ള ഒരാള്‍
അയാള്‍ അകന്നുപോവുക എന്നുവെച്ചാല്‍ ...
എന്തായിരിക്കും സ്ഥിതി...
ഇനി അടുത്തൊരു കഥാ പാത്ര സൃഷ്ടി നടത്തുവാന്‍ ....
കഥാ പാത്രമില്ലാത്തമില്ലാത്ത കഥാകാരന്റെ അവസ്ഥ....
അനുഭവിച്ചവര്‍ക്കേ അറിയൂ,
ചൂടാകാതെ പറ്റുമോ ?
എന്തായാലും അത് സംഭവിച്ചു...
അവര്‍ തമ്മില്‍ പിരിഞ്ഞു.
ഇത് ശ്രീ സത്യന്‍ അന്തിക്കാടിന്റെ മാത്രം നഷ്ടമാണോ?
ടി .പി. ബാലഗോപാലന്‍ എം.എ ആരുടെ പ്രതിനിധിയാണ് ?
നിങ്ങള്‍ ഗൂര്‍ഖയെ ഓര്‍ക്കുന്നുണ്ടോ ?
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ആ മലയാളിഗൂര്‍ഖയെ എങ്ങനെ മറക്കും അല്ലെ ?
സന്മനസ്സുള്ളവര്‍ക്ക് സമാധാനം നല്‍കിയ ആ മനുഷ്യനെ എങ്ങനെ മറക്കും അല്ലേ?
ഇത്തരം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കാഴ്ചവെച്ച ഈ കൂട്ടുകെട്ട് ...
ഇനി എന്തൊക്കെ കാഴ്ചവെക്കും എന്നൊക്കെയല്ലെ കേരളജനത പ്രതീക്ഷിച്ചിരുന്നത് ?
അപ്പോള്‍ നഷ്ടം സത്യന്‍ അന്തിക്കാടിന്റെ മാത്രം അല്ല എന്ന് നാം അറിയുന്നു.
അത് നമ്മുടെ കൂടിയാണ്.

******************
***********************************
***********************************
******************

എന്നാല്‍ ശ്രീനിവാസന്‍ കാണിച്ചുതന്നത് മറ്റൊന്നാണ് .
പരിഭവങ്ങളില്ലാതെയും പിരിയാം .
പറിച്ചു നടേണ്ടപ്പോള്‍ അത് വേണ്ടെ.
അല്ലെങ്കില്‍ വൃക്ഷമാകുമ്പോള്‍ അത് പ്രശ്നമാവില്ലെ
അതുകൊണ്ടുതന്നെ ആ വേര്‍പിരിയലും സംഭവിച്ചു.
ശ്രീ സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമായുള്ള വേര്‍പിരിയല്‍

******************
***********************************
***********************************
******************

എങ്കിലും എന്നും അങ്ങനെ നില്‍ക്കാന്‍ പറ്റുമോ ?
ഇന്നസെന്റ് മദ്ധ്യസ്ഥനാവുന്നു.
രസതന്ത്രത്തിലൂടെ നാമതുകാണുന്നു.

******************
***********************************
***********************************
******************

അപ്പോഴുംഗ്രന്ഥകാരന്‍ ചോദിക്കുകയാണ്?
ശ്രീനിയെന്ത്യേ ?
അതെ ആ ചോദ്യം മറ്റൊരു പുസ്തകത്തിനുള്ള അന്വേഷണമാകുമോ ?
ഇനിയെന്നാ ആ പണ്ടത്തെ കൂട്ടുകെട്ട് സിനിമയില്‍ വരിക എന്ന് നമുക്കും തോന്നിപ്പിക്കുന്നവിധമാണ് ആ ചോദ്യം

******************
***********************************
***********************************
******************

20. മുകേഷ് കഥകള്‍ : ജീവിതത്തിലെ നേരും നര്‍മ്മവും

ഗ്രന്ഥകാരനെക്കുറിച്ച് :
ജനനം ,കൊല്ലം ജില്ലയില്‍
അച്ഛന്‍ ; ഒ . മാധവന്‍
അമ്മ : വിജയകുമാരി
സഹോദരിമാര്‍ : സന്ധ്യരാജേന്ദ്രന്‍ , ജയശ്രീ ശ്യാം ലാല്‍
വിദ്യാഭ്യാസം : ഇന്‍ഫന്റ് ജീസസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ തങ്കശ്ശേരി , കൊല്ലം

എന്‍ എസ് എസ് കോളേജ് , തിരുവനന്തപുരം ലോ അക്കാദമി.
ആദ്യസിനിമ : ബലൂണ്‍ ( 1982 )

200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചു.
വിലാസം : കിഴക്കേ വീട് , വടക്കേവിള .പി.ഒ , കൊല്ലം
പ്രസാധകര്‍ : ഒലിവ് ബുക്സ്
വില : 100 രൂപ


ഗ്രന്ഥത്തെക്കുറിച്ച് :
ചലച്ചിത്രനടന്‍ മുകേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം .ക്യാമ്പസ്സും സിനിമയും
നിറഞ്ഞു നില്‍ക്കുന്ന തീഷ്ണവും രസകരവുമായ അനുഭവങ്ങള്‍ . സഹൃദയത്വവും
മൌലിക നിരീക്ഷണങ്ങളും നര്‍മ്മബോധവും സമ്മാനിക്കുന്ന ദൃദ്യമായ ആത്മരേഖകള്‍


19. സി.വി.രാമന്‍

( നവംബര്‍ 7 , സി.വി.രാമന്‍ ജന്മദിനം) കഴിഞ്ഞ നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയരില്‍ ഒരാ‍ളാണ് സി.വി. രാമന്‍.അദ്ദേഹത്തിന്റെ ജീവിതകഥ ഏതൊരു ശാസ്ത്രവിദ്യാര്‍ഥിക്കും താല്പര്യജനകമാണ്. 1888 നവംബര്‍ 7ന്,തഞ്ചാവൂര്‍ ജില്ലയില്‍ ,ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖരവെങ്കിട്ടരാമന്‍ (സി.വി.രാമന്‍) ജനിച്ചു.ഈ ദമ്പതികള്‍ക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത് .(അഞ്ചാണും മൂന്നുപെണ്ണും) .രാമന്റെ പിതാവ് നരസിംഹറാവു നല്ലൊരു പുസ്തക വായനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. രാമന് നാലുവസ്സുള്ളപ്പോള്‍ ,രാമന്റെ പിതാവിന് വിശാഖപട്ടണത്തുള്ള നരസിംഹറാവു കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൌതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്.ഇതൊക്കെകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തില്‍ രാമന് നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍, രാമന്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തി. സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തില്‍തന്നെ രാമന് ഭൌതികശാസ്ത്രത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്നു.എന്തിനേറെ പറയുന്നു,അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിര്‍മ്മിച്ചുവെത്രെ! ബുദ്ധിശക്തിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയെങ്കിലും ; ശാരീരികാരോഗ്യത്തില്‍ മോശമായിരുന്നു രാമന്റെ സ്ഥിതി .പക്ഷെ ,അദ്ദേഹത്തിന്റെ ഉന്നത ബുദ്ധിശക്തിമൂലം ഈ ‘അനാരോഗ്യപ്രശ്നങ്ങള്‍ ‘ പഠനത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നതിന് തടസ്സം ഉണ്ടാക്കിയില്ല. രാമന്റെ പഠനപുരോഗതി വിസ്‌മയിപ്പിയ്ക്കത്തക്കരൂപത്തിലായിരുന്നു എന്ന് മുന്‍പേ സൂചിപ്പിച്ചിരുന്നല്ലോ .അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വളരേ ചെറിയ പ്രായത്തില്‍ ,അതായത് പതിനൊന്നാമത്തെ വയസ്സില്‍ ,മെട്രിക്കുലേഷന്‍ പാസ്സാകാന്‍ കഴിഞ്ഞു ! ; അതും ഒന്നാമനായിത്തന്നെ ! (ഇന്ന് മെട്രിക്കുലേഷന്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പാസ്സാകുന്നതെന്ന് ഓര്‍ക്കുക.) പിന്നീടദ്ദേഹം എ.വി.എന്‍. കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്നു.ഇന്റര്‍മീഡിയേറ്റ് പാസ്സായതും ഒന്നാംസ്ഥാനത്തോടുകൂടിയാണെന്നത് പറയേണ്ടതില്ലല്ലോ . 1903 ല്‍ , മദ്രാസിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ രാമന്‍ ബി.എ.യ്ക്കു ചേര്‍ന്നു. തീര്‍ച്ചയായും ,ഇത്രചെറുപ്പത്തിലെ ബിരുദപഠനത്തിന് എത്തുന്ന ഒരു വിദ്യാര്‍ഥി, അവിടെ ആദ്യമായിരുന്നു! രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗല്‍ഭരായ യൂറോപ്യന്മാരായിരുന്നു. അത് രാമന് പഠനത്തില്‍ ഏറെ ഗുണം ചെയ്തു. 1904 ല്‍ രാമന്‍ ,ഇഗ്ലീഷിലും ഫിസിക്സിലും ഗോള്‍ഡ് മെഡലുകള്‍ വാരിക്കൊണ്ട് ബി.എ.ഒന്നാം റാങ്കോടെ പാസ്സായി ! തുടര്‍ന്ന് എന്തുവേണമെന്നായി രാമന്റെ ചിന്ത ? ഏതു വഴിയാണ് ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ടത് . ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം .പക്ഷെ ,ഇത്രയും ചെറിയ പ്രായത്തില്‍ ഒരാള്‍ ഇംഗ്ലണ്ടില്‍ പോകുന്നതെങ്ങിനെ ? മാത്രമല്ല, രാമന്റെ ആരോഗ്യസ്ഥിതി വളരെ മോശവുമായിരുന്നു. അതിനാല്‍ ,ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിയ്ക്കാന്‍ രാമന്റെ ശരീരത്തിന് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് രാമന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകാന്‍ പറ്റില്ല എന്നുവന്നു.അതിനാല്‍ പ്രസിഡന്‍സി കോളേജില്‍ ഭൌതികശാസ്ത്രം പഠിക്കാനായി എം.എ യ്ക്കു ചേര്‍ന്നു.(അന്ന് ശാസ്ത്രവിഷയങ്ങള്‍ക്ക് ബി.എ,എം.എ എന്നിങ്ങനെ ആയിരുന്നു. ) 1907 ല്‍ ,രാമന്‍ , പ്രതീക്ഷിച്ചതുപോലെത്തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് എം.എ പാസ്സായി. ഇനി, എന്തുവേണമെന്നതായി രാമന്റെ മുന്നിലെ പ്രശ്നം? രാമന് ശാസ്ത്രത്തോട് അതിയായ താല്പര്യമുണ്ടായിരുന്നു. പക്ഷെ, അന്നത്തെ കാലത്ത്,ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനാരോഗ്യപ്രശ്നം നിമിത്തം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്താന്‍ സാധിക്കുകയുമില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാര്‍ഥികളുടേയും ലക്ഷ്യം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു.( ഇന്നത്തെ ഐ.എ.എസ്. ന്റെ പൂര്‍വ്വികനാണ് ഐ.സി.എസ് ) പക്ഷെ, അതിന് ചേരണമെങ്കില്‍ ഇംഗ്ലണ്ടില്‍ പോകണം . അവിടെ പഠിച്ച് പരീക്ഷയെഴുതി പാസ്സാകണം . അതിനാല്‍ ആ മാര്‍ഗ്ഗം രാമന് സ്വീകാര്യമായില്ല.ഇനിയുള്ള മറ്റൊരു മാര്‍ഗ്ഗം ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് അഥവാ F.C.S ന് ചേരുക എന്നതായിരുന്നു.(ഇന്നത്തെ ഓഡിറ്റ് ഏന്‍ഡ് എക്കൌഡ് സര്‍വ്വീസിന്റെ മുന്നോടിയാണ് F.C.S ) മാത്രമല്ല ,രാമന്റെ ജേഷ്ഠന്‍ ഈ പരീക്ഷ എഴുതി പാസ്സായിട്ടുമുണ്ടായിരുന്നു. F.C.S -ല്‍ ചേരണമെങ്കില്‍ ആദ്യം ഒരു ഇന്റര്‍വ്യൂവിലും പിന്നീട് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും വിജയിയ്ക്കണമായിരുന്നു. മാത്രമല്ല എഴുത്തുപരീക്ഷയില്‍ ചരിത്രം ,ധനതത്ത്വശാസ്തം മുതലായ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉണ്ട് .(ഈ വിഷയങ്ങള്‍ രാമന്‍ കോളേജില്‍ പഠിച്ചിട്ടില്ലല്ലോ) .കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്‍ F.C.S പരീക്ഷ (1907-ല്‍ ) പാസ്സാകുകതന്നെ ചെയ്തു. പരീക്ഷപാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമന്‍ ‘ ലോകസുന്ദരീ ‘ എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തത് . അന്നത്തെ കാലഘട്ടത്തില്‍ , വധൂവരന്മാരുടെ മാതാപിതാക്കള്‍ ജാതകം നോക്കി നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹശൈലിയായിരുന്നു നിലനിന്നിരുന്നത് . അതായത് , തങ്ങളുടെ വിവാഹകാര്യതീരുമാനത്തില്‍ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത് . കോളേജില്‍ പഠിക്കുമ്പോഴെത്തന്നെ ,രാമന്‍ , തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഒരു ദിവസം രാമസ്വാമിയുടെ വീട്ടിലെത്തിയ രാമനെ എതിരേറ്റത് മധുരമായ വീണാനാദമായിരുന്നു. രാമസ്വാമിയുടെ അടുത്ത ബന്ധുവും യുവതിയുമായ ‘ ലോകസുന്ദരി ‘ അപ്പോള്‍ ത്യാഗരാജഭാഗവതരുടെ “ രാമാ നീ സമാനം വാരോ “ ( രാമനു തുല്യമായി ആരുണ്ട് ? ) എന്ന കീര്‍ത്തനം വീണയില്‍ വായിക്കുന്നതാ‍ണ് രാമന്‍ കണ്ടത് .അങ്ങനെ ആ പ്രഥമദര്‍ശനത്തില്‍ത്തന്നെ രാമനില്‍ ലോകസുന്ദരിയോടുള്ള പ്രണയത്തിന് തുടക്കം കുറിച്ചു. രാമന്‍ തന്റെ സുഹൃത്തായ രാമസ്വാമിയെ ഇക്കാര്യം അറിയിച്ചു. രാമസ്വാമിയും തന്റെ ബന്ധുവായ ലോകസുന്ദരിക്കുവേണ്ടി വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ,രാമന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ രാമസ്വാമി ഉടനടി സമ്മതം അറിയിക്കുകയും ചെയ്തു.പക്ഷെ, വിവാഹത്തിലേയ്ക്കുള്ള മാര്‍ഗ്ഗം അത്ര സുഗമമായിരുന്നില്ല. കാരണം രാമന്‍ ബ്രാപ്‌മാണനായിരുന്നു.ലോകസുന്ദരിയാകട്ടെ മറ്റോരു ഉപജാതിയില്‍പ്പെട്ടവളുമായിരുന്നു. അതിനാല്‍ രാമന്റെ രക്ഷിതാക്കളുടെ സമ്മതം ലഭിക്കാന്‍ വിഷമമായിരുന്നു. അത്ഭുതമെന്നുപറയട്ടെ , വിവാഹത്തിന് രാമന്റെ പിതാവ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. കാരണം , അദ്ദേഹം ഒരു പുരോഗമനവാദിയായിരുന്നു.പക്ഷെ ,അമ്മയും മറ്റ് ബന്ധുക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു .എങ്കിലും രാമന്റെ ഉറച്ച തീരുമാനത്തിനുമുമ്പില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു.അങ്ങനെ രാമനും ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു. ഈ വിവാഹത്തിന് എടുത്തുപറയേണ്ട മറ്റൊരു പ്രത്യകതകൂടിയുണ്ട് . രാമന്‍ “ സ്ത്രീധനം “ വാങ്ങാതെയാണ് വിവാഹം കഴിച്ചത് എന്നതാണ് അത് ! 1907 ജൂണില്‍ രാമന്‍ എക്കൌണ്ടന്റ് ജനറലായി ,കല്‍ക്കട്ടയില്‍ ,ജോലിയില്‍ പ്രവേശിച്ചു. അവിടെ രാമന്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ,ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (I.A.C.S) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത് . ഒരു ദിവസം രാമന്‍ യാദൃശ്ചികമായി ആ ബോര്‍ഡ് കാണുകയും അവിടെ ചെന്ന് കാര്യങ്ങള്‍ അന്വഷിക്കുകയും ചെയ്തു . ജോലികഴിഞ്ഞുള്ള സമയം അവിടത്തെ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്നതിന് രാമന്‍ അപേക്ഷിച്ചു. രാമന്റെ അപേക്ഷ സസന്തോഷം സ്വീകരിക്കപ്പെട്ടു. രാ‍മന്റെ അന്നത്തെ ദിനചര്യ ഏറെ കഠിനമായിരുന്നു.കാലത്ത് 5-30 ന് രാമന്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറിയിലേക്ക് പോകും . 9 -45 ന് വീട്ടില്‍ തിരിച്ചെത്തുന്നു.കുളി ഭക്ഷണം കഴിയ്ക്കല്‍ എന്നിവ ധൃതിയില്‍ ചെയ്ത് ഓഫീസില്‍ പോകുന്നു. വൈകീട്ട് 5 മണിക്ക് ഓഫീസില്‍ നിന്നും വീണ്ടും ലബോറട്ടറിയിലേക്ക് .രാത്രി പത്തുമണിക്ക് വീട്ടില്‍ തിരിച്ചെത്തുന്നു. ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയില്‍ രാമന് റംഗ്ഗൂണിലേയ്ക്കും തുടര്‍ന്ന് നാഗപ്പൂരിലേക്കും സ്ഥലമാറ്റമുണ്ടായി . പക്ഷെ ,ഏറെ താമസിയാതെത്തന്നെ കല്‍ക്കട്ടയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞു. വീണ്ടും കല്‍ക്കട്ടയിലെത്തിയപ്പോള്‍ അസോസിയേഷന്റെ ( I.A.C.S)തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത് .ആ ഭാഗം താമസസ്ഥലത്തിനുയോജിച്ചതായിരുന്നില്ല.പക്ഷെ,അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും അസോസിയേഷന്റെ ലബോറട്ടറിയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന മേന്മ അതിനുണ്ടായിരുന്നു. രാമന്‍ തന്റെ ഗവേഷണഫലങ്ങള്‍ അപ്പപ്പോള്‍തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തല്‍ഫലമായി ,1912 ല്‍ കര്‍സണ്‍ റിസര്‍ച്ച് പ്രൈസും( Curzon Research Prize ) 1913 ല്‍ വുഡ്‌ബണ്‍ റിസര്‍ച്ച് മെഡലും (Woodburn Research Medal ) അദ്ദേഹത്തിനു ലഭിച്ചു. താമസിയാതെ അദ്ദേഹം കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായി നിയമിതനായി .ഇതിനുവേണ്ടി അദ്ദേഹം തന്റെ ഗവണ്മെന്റ് ജോലി രാജിവെച്ചു. ഭാവിയില്‍ ഏറെ സാമ്പത്തികനേട്ടവും അധികാരവും ലഭിക്കുന്ന ജോലിയാണ് ശാസ്ത്രത്തോടുള്ള താല്പര്യം നിമിത്തം അദ്ദേഹം വേണ്ടെന്നുവെച്ചത് .യൂണിവേഴ്‌സിറ്റിയില്‍ പ്രോഫസറായതോടുകൂടി അദ്ദേഹത്തിന് ഗവേഷണത്തിനായി കൂടുതല്‍ സമയം ലഭിച്ചു. 1921 ല്‍ ഇംഗ്ലണ്ടിലേയ്ക്ക് അദ്ദേഹം വിദേശയാത്ര നടത്തി .ഓക്സ്ഫോര്‍ഡില്‍ നടന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ കല്‍ക്കട്ടാ യൂണിവേഴ്‌സിറ്റിയെ പ്രധിനിധീകരിച്ചായിരുന്നു രാമന്‍ എത്തിയത് .അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്മാരായ J.J.Thomson ,Bragg,Rutherford എന്നിവരെ പരിചയപ്പെട്ടു.ഇംഗ്ലണ്ടില്‍നിന്ന് തിരിച്ചുള്ള യാത്ര ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള ആ കപ്പല്‍ യാത്രയില്‍ ,സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light ) എന്നപ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തിന് തുടക്കം കുറിയ്ക്കാനും സാധിച്ചു. 1924 ല്‍ ,ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society )രാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് വെറും 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924 ല്‍ British Association For Advancement of Science ന്റെ ക്ഷണപ്രകാരം രാമന്‍ കനഡയിലേക്കുപോയി .അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ Torento യുമായി പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചര്‍ച്ചചെയ്തു.കനഡായില്‍നിന്ന് U.S.A യിലേയ്ക്ക് രാമന്‍ പോയി . Franklin Institute ന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചാണ് രാമന്‍ U.S.A യില്‍ എത്തിയത് .ഇതിനെത്തുടര്‍ന്ന് ,Californiya Institute of Technology യിലെ Norman Bridge Laboratary ല്‍ വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. U.S.A യില്‍വെച്ച് പല ശാസ്ത്രജ്ഞന്മാരേയും ,പല ലാബുകളും സന്ദര്‍ശിയ്ക്കാന്‍ അവസരം ലഭിച്ചു. 1925 ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി . എങ്കിലും ആ വര്‍ഷം ആഗസ്റ്റില്‍ അദ്ദേഹം റഷ്യയിലെ സയന്‍സ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയി . കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം . ഇത് ഇവിടെ ലളിതമായി പ്രതിപാദിയ്ക്കാം. ഒരു ദ്രാവകത്തില്‍ പ്രകാശരശ്മികള്‍ പതിയ്ക്കുന്നു എന്നിരിയ്ക്കട്ടെ .ആ പ്രകാശരശ്മിയുടെ പ്രവേഗം V1 എന്നാണെന്ന് സങ്കല്പിയ്ക്കുക. ഒരു മാധ്യമത്തില്‍ പ്രകാശം പതിച്ചാല്‍ രണ്ടുവിധത്തില്‍ കാര്യങ്ങള്‍ സംഭവിയ്ക്കാം . ഒന്നാമത്തേത് പ്രകാശം പ്രതിഫലിയ്ക്കുക എന്നതാണ്.രണ്ടാമത്തേത് മാധ്യമം ആ പ്രകാശരശ്മികളെ ആഗിരണം ചെയ്യുക എന്നതാണ് .ഇവിടെ ,നമുക്ക് നമുക്ക് ആഗിരണം ചെയ്യുക എന്ന വസ്തുത പരിഗണിയ്ക്കേണ്ടതില്ലല്ലോ . പ്രതിഫലനത്തിന്റെ കാര്യം മാത്രം പരിഗണിച്ചാല്‍ മതി . ഇപ്രകാരം , പ്രതിഫലിയ്ക്കപ്പെടുന്ന രശ്മികള്‍ രണ്ടു വ്യത്യസ്ത പ്രവേഗത്തില്‍ സഞ്ചരിക്കുന്നവയായിരിക്കും . ഒന്നാമത്തേത് ,പതനരശ്മിയുടെ പ്രവേഗത്തിലുള്ളത് (അതായത് V1 ) .രണ്ടാമത്തെത് ,പതനരശ്മിയുടെ പ്രവേഗത്തില്‍നിന്ന് വ്യത്യസ്തമായ പ്രവേഗത്തിലുള്ളത് .ഈ പ്രകാശരശ്മികളുടെ പ്രവേഗത്തെ നമുക്ക് V2 എന്ന് സങ്കല്പിയ്ക്കാം. പ്രകാശരശ്മിയുടെ പ്രവേഗവും നിറവുമായി ബന്ധമുള്ള കാര്യം നമുക്ക് അറിയാമല്ലോ . അതിനാല്‍ V1 പ്രവേഗമുള്ള പ്രകാശരശ്മിയുടെ നിറത്തിന് മാറ്റം സംഭവിയ്ക്കുന്നില്ല. പക്ഷെ V2 പ്രവേഗമുള്ള പ്രകാശരശ്മിക്ക് പതനരശ്മിയില്‍നിന്ന് വ്യത്യസ്ത നിറം കൈവരുന്നു. ഈ രീതിയിലുള്ള പ്രകാശത്തിന്റെ വിസരണമാണ് (Scattering of Light ) രാമന്‍ പ്രഭാവം എന്നപേരില്‍ (Raman Effect) അറിയപ്പെട്ടത് .1928 ഫെബ്രുവരി 28 ന് രാമന്‍ പ്രതിഭാസമെന്ന ലേബലില്‍ സമുദ്രത്തിന്റെ നീലനിറത്തിന്റെ രഹസ്യം പ്രസിദ്ധീകരിച്ചു.ഒരു വ്യക്തിയുടെ ഉന്നത വിജയം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുമല്ലോ . സി.വി. രാമന്റെ കാര്യത്തിലും അങ്ങനെത്തന്നെ സംഭവിച്ചു.രാമന്റെ കണ്ടുപിടുത്തത്തിനുകാരണക്കാരന്‍ രാമന്‍ തന്നെയാണോ എന്നു പലരും സംശയിച്ചു. പക്ഷെ ,രാമന്‍ ഇതിനു നേരെയൊന്നും പ്രതികരിയ്ക്കാന്‍ പോയില്ല. 1930 ല്‍ സി.വി രാമന് ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. രാമന്റെ അവസാനകാലഘട്ടം ബാംഗ്ലൂരിലെ സയന്‍സ് ഇന്‍സ്റ്റിറ്റൂട്ടിലായിരുന്നു.1970 നവംബര്‍ 21 ശനിയാഴ്ച വെളുപ്പിന് സി .വി. രാമന്‍ അന്തരിച്ചു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റൂട്ടില്‍ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളൊന്നും നടന്നില്ല. ലോകപ്രശസ്ത ഭൌതികശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ പോലും അവസാനനാളുകളില്‍ ആത്മീയതലങ്ങളിലേക്ക് നീങ്ങുന്നതിനുള്ള സൂചനകള്‍ നല്‍കിയിരുന്നു.പക്ഷെ, രാമന്‍ തന്റെ കര്‍മ്മപഥത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ജീവിയ്ക്കുകയായിരുന്നു. ( വീണ്ടും പ്രസിദ്ധീകരിക്കുന്നത്)

18. അമ്പരപ്പിക്കുന്ന ശാസ്ത്രം

1. കള്ളം കണ്ടുപിടിക്കാന്‍ യന്ത്രമുണ്ടോ ?
 2.അച്ഛനില്ലാതെ മക്കളുണ്ടോ ?
 3.പച്ചിലയില്‍ നിന്ന് പെട്രോള്‍ കിട്ടുമോ?
 4.ചൊവ്വാ ദോഷം മാറികിട്ടുമോ ?
 ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു.
 1.ജലത്തിനു മീതെ നടക്കുന്ന യോഗി
 2.തീക്കലനിനു മീതെ നടക്കുന്ന ഭക്തന്‍
 3.നാഡീ സ്പന്ദനം നിര്‍ത്തുന്ന സിദ്ധന്‍
തുടങ്ങിയ വരുടെ അത്ഭുത സിദ്ധികളെ ശാസ്ത്ര ദൃഷ്ടിയിലൂടെ നോക്കിക്കാണുന്നു.
1. നാഗ കന്യക
 2.അന്തരീക്ഷത്തില്‍ ഒഴുകുന്ന സുന്ദരി
 3.താനേ തുറക്കുന്ന ഗോപുരവാതില്‍ മുതലായ മായാജാലങ്ങളുടെ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്നു. 1.അത്ഭുത വളയം
 2.അനുസരണയുള്ള പാവ
 3.ദാഹം തീരാത്ത പക്ഷി തുടങ്ങിയ രസകരങ്ങളും വിജ്ഞാന പ്രദങ്ങളുമായ പരീക്ഷണങ്ങള്‍ ചിത്രങ്ങള്‍ സഹിതം കൊടുത്തിരിക്കുന്നു.
 ഗ്രന്ഥകാരനെക്കുറിച്ച് :
പി.റ്റി. തോമസ് 1931 ഫെബ്രുവരി 28 ന് ജനിച്ചു
 വിദ്യാഭ്യാസ യോഗ്യത : ബി.എസ് ‌സി , ബി.റ്റി
 1951 ല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു
 തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ , എ.ഇ.ഒ , ഡി.ഇ.ഒ , ഡി.ഡി എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം നയിച്ചു
 തിരുവനന്തപുരം ഡി.ഡി ആയിരിക്കേ റിട്ടയര്‍ ചെയ്തു.
 കൃതികള്‍ : 
വീട്ടിലൊരു ലബോറട്ടറി ,
സാധാരണ ജീവിതത്തില്‍ ,
 ജീവനുള്ള ഉപകരണങ്ങള്‍ ,
 അവിശ്വസിക്കേണ്ട വിശ്വാസങ്ങള്‍ ,
മധുരിക്കുന്ന മാത്തമാറ്റിക്സ് ,
 നന്മയുടെ തീരങ്ങളില്‍
വിലാസം : പള്ളിവാതുക്കല്‍ , മുട്ടുചിറ പി.ഒ , 680613
വിതരണം : കറന്റ് ബുക്സ്
വില : 75 രൂപ
 മറ്റു പുസ്തകങ്ങളില്‍ സാധാരണ പ്രതിപാദിക്കാത്ത ചില കാര്യങ്ങള്‍ കൂടി ഇതി കാണുന്നുണ്ട് 1.ഭൂമിയിലുള്ളവര്‍ക്ക് ചന്ദ്രന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം
എന്നാല്‍ ചന്ദ്രനിലുള്ളവര്‍ ഭൂമിയെ കാണുന്നത് എങ്ങനെയാണ് ?
 ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഗോളം ആയാണോ ?
  അതോ ഒരു നിശ്ചിത സ്ഥാനത്ത് നില്‍ക്കുന്നതായി തോന്നുമോ ?
 2.ഭൂമിയുടെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം നമുക്ക് അറിയാമല്ലോ .
 അതായത് 24 മണിക്കൂര്‍ .
എന്നാല്‍ ചന്ദ്രന്റെ ഒരു ദിവസത്തെ ദൈര്‍ഘ്യമോ ?
 24 മണിക്കൂറാണോ ? ആ‍ണെങ്കില്‍ എങ്ങനെ ?
അല്ലെങ്കില്‍ എന്തുകൊണ്ട്?
 3.ഭൂമിയുടെ സൂര്യോദയം , സൂര്യാസ്തമനം എന്നിവ കവിഭാവനയെ വല്ലാതെ ഉത്തേജിപ്പിച്ചിട്ടുണ്ട് . ഇത്തരത്തില്‍ സൂര്യോദയത്തിനു മുമ്പും പിമ്പുമൊക്കെ ആകാശം വണ്ണാഭമാക്കിത്തീര്‍ക്കുന്നതിന് ഒരു ഘടകമാണെന്ന് നമുക്കറിയാം .
. അതായത് അന്തരീക്ഷം . എന്നാല്‍ അന്തരീക്ഷ മില്ലാത്ത ചന്ദ്രനിലെ സൂര്യോദയം എങ്ങനെയായിരിക്കും ?
ഉദയത്തിനും അസ്തമനത്തിനു മുന്‍പും പിമ്പുമൊക്കെ നിറക്കൂട്ടുകള്‍ ചന്ദ്രനില്‍ ഉണ്ടാകുമോ ?ഭൂമിയെപ്പോലെ സാവധാനത്തിലാണോ സൂര്യോദയവും അസ്തമനവുമൊക്കെ അനുഭവപ്പെടുക ? അതോ പൊടുന്നനെയോ?
 4.എങ്ങനെയാണ് ബഹിരാകാശ യാത്രികര്‍ ഭക്ഷണം കഴിക്കുന്നത് .
വാഹനത്തിലെ മേശയില്‍ പ്ലേറ്റിലൊക്കെ വെച്ചാണോ ?
അതോ ട്ര്യൂബുകള്‍ വഴിയാണോ ?
 എങ്ങനെയായിരിക്കും അവര്‍ ഇത്തരം കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ?
 ഇത്തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ക്കും ഈ പുസ്തകം ഉത്തരം നല്‍കുന്നു

17. താങ്ങാവുന്ന വിദ്യാഭ്യാസം


ഗ്രന്ഥകര്‍ത്താവ് : ഗോപാലകൃഷ്ണന്‍
& വിജയലക്ഷ്മി
Publisher : D.C Books
വില : 70 രൂപ
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
കോടയ്ക്കാട്ടുമാലില്‍ കുഞ്ഞന്‍ -കുഞ്ചി ദമ്പതിമാരുടെ മകനായി 1950 ഒക്ടോബര്‍ 5 ന് ഗോപാലകൃഷ്ണന്‍ ജനിച്ചു.വെള്ളത്തൂവല്‍ ഹൈസ്കൂളിലും റാന്നി എം.എസ്.ബി.റ്റി.എസ്സിലും വിദ്യാഭ്യാസം .
റാന്നിക്കടുത്തുള്ള ഇടമണ്‍ രാമകൃഷ്ണപ്പിള്ള - ദേവകിയമ്മ ദമ്പതിമാരുടെ മകളായി 1957 നവംബര്‍ 16 ന് വിജയലക്ഷ്മി ജനിച്ചു.
മക്കപ്പുഴ എന്‍ എസ്സ് എസ്സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മഹാരാജാസ് കോളേജ് ഫോര്‍ വിമന്‍ , റാന്നി എം.എസ്.ബി.റ്റി.എസ്സ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം .
റാന്നി എം എസ് ബി റ്റി എസ്സില്‍ 1977 മുതല്‍ 79 വരെ ഇരുവരും റ്റി .റ്റി .സി .ക്ക് ഒന്നിച്ചു പഠിച്ചു.തുടര്‍ന്ന് ഒന്നിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുന്നു.മൂന്നു മക്കളുണ്ട് .
പാലക്കാട് ജില്ലയില്‍ അഗളിക്കടുത്ത് താമസം .മുഴുസമയ വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി കഴിയുന്നു.ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് നല്‍കിവരുന്ന ജി . കുമാരപ്പിള്ള അവാര്‍ഡ് ( 2006) ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട് .
വിലാസവും ഫോണ്‍ നമ്പറും :
ഗോപാലകൃഷ്ണന്‍ & വിജയലക്ഷ്മി
സാരംഗ്
അഗളി
ചിറ്റൂര്‍ പി.ഒ
പാലക്കാട് ജില്ല
പിന്‍ : 678581
ഫോണ്‍ : 04924 209038 , 296660
പത്രവാര്‍ത്തകളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നമുക്ക് പരിചിതമായവരാണ് സാരംഗിലെ ഗോപാലകൃഷ്ണന്‍ മാസ്റ്ററും വിജയലക്ഷ്മിടീച്ചറും അവരുടെ ഈ സുദീര്‍ഘമായ ജീവിതയാത്രാ അനുഭവങ്ങളിലൂടെ രൂപപ്പെട്ട വിദ്യാഭ്യാസ ദര്‍ശനങ്ങളാണ് ഈ പുസ്തകത്തില്‍ .
പല കാര്യങ്ങളും ഒരു വേറിട്ട കാഴ്ചപ്പാടായി തോന്നാമെങ്കിലും സ്വാഭാവികതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് നേര്‍ക്കാഴ്ചയായി വായനക്കാരന് അനുഭവപ്പെടും വിധമാണ് ആശയങ്ങളുടെ ചിത്രീകരണത്തുലൂന്നി ഈ ആത്മകഥാപരമായ പുസ്തകം മുന്നേറൂന്നത് .
കുടുംബത്തിന്റെ പേര് : സാരംഗ്
സ്കൂളിന്റെ പേര് : സാരംഗ് ബേസിക് സ്കൂള്‍
മകന്‍ : ഗൌതം സാരംഗ്
മകള്‍ : കണ്ണകി സാരംഗ്
മകള്‍ : ഉണ്ണിയാര്‍ച്ച സാരംഗ്
ഇത്തരത്തില്‍ കുടുംബംതന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കിയാണ് ജീവിതപ്പാതയിലൂടെ അവര്‍ മുന്നേറൂന്നത് .
“പള്ളിക്കൂടം ഫാക്ടറിയല്ല
അദ്ധ്യാപകന്‍ തൊഴിലാളിയല്ല
വിദ്യാര്‍ത്ഥി ചരക്കല്ല
രക്ഷിതാവ് ചരക്കുല്പാദകനല്ല”
ഈ മുദ്രാവാ‍ക്യം ഒന്നു ശ്രദ്ധിക്കൂ
വിദ്യാഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെട്ടത് നിഷേധിക്കുന്നതിന്റെ വ്യക്തമായ സൂചന ഇത് തരുന്നുണ്ട് .
അദ്ധ്യാപനത്തില്‍ മാര്‍ക്സിന്റെ മിച്ചമൂല്യ സിദ്ധാന്തം കടന്നുവരരുതെന കാഴ്ചപ്പാട് വായനക്കാര്‍ക്ക് വരികളില്‍നിന്ന് വായിച്ചെടുക്കാനാവും
വിദ്യാഭ്യാസമെന്ന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്ന വാത്സല്യത്തിന്റെ കണികകള്‍ ചുരത്തിയാണ് ഗ്രന്ഥകര്‍ത്താവ് ശിശുമനശ്ശാസ്ത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നു നമുക്ക് കാണാം
ആരായിരിക്കണം അദ്ധ്യാപകന്‍ ?
ഈ ചോദ്യത്തിന് താന്‍ ടി .ടി.സി ക്കു പഠിച്ച പാഠഭാഗത്തില്‍ നിന്നുതന്നെ ഉത്തരം തരുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട് .
നാളത്തെ തലമുറ എന്തായിരിക്കണമെന്നും ഇന്നേ വിഭാവനം ചെയ്യുന്ന ക്രാന്ത ദര്‍ശിയാണദ്ധ്യാപകന്‍
എന്താണ് അറിവ് ?
മനുഷ്യ സമൂഹം ഇന്നേവരെ ആര്‍ജ്ജിച്ച മുഴുവന്‍ അറിവുകളും ഇന്നിപ്പോള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ അറിവുകളും ഇനിയും കണ്ടെത്താനിരിക്കുന്ന മുഴുവന്‍ അറിവുകളും ചേര്‍ന്നതാണ് അറിവ് .ഈ അറിവിന്റെ ഒരു കുഞ്ഞംശം പോലും ഒരു മനുഷ്യനു തന്റെ ജീവിതകാലം കൊണ്ട് പഠിച്ചുതീര്‍ക്കാനാവില്ല
നമുക്ക് എന്തറിയാം ?
നമ്മള്‍ പഠിച്ച അറിവിന്റെ പാഠങ്ങളില്‍ എത്രശതമാനം നമ്മള്‍ ഓര്‍ത്തിരിപ്പുണ്ട് ?
അതിന്റെ എത്ര ശതമാനം നമ്മുടെ നിത്യജീവിതത്തിലുപയോഗപ്പെടുത്തുന്നുണ്ട് ?
അന്‍പതു ശതമാനം ?
നാല്പതുശതമാനം ?
മുപ്പത് ?
ഇരുപത് ?
സ്വയം പരിശോധിച്ചു നോക്കുക ?
ഒരു പക്ഷെ പഠിച്ചതില്‍ പത്തുശതമാനം പോലും നമുക്ക് ഓര്‍മ്മയുണ്ടാവില്ല
ആ പത്തുശതമാനത്തില്‍ ഒരു ശതമാനം പോലും നമുക്ക് ഓര്‍മ്മവന്നീട്ടുണ്ടാവില്ല
അതല്ലേ സത്യം ?
മറന്നു പോയതും ഉപയോഗമില്ലാതെ ഓര്‍മ്മയില്‍ നിര്‍ത്തിയിട്ടുള്ളതുമടക്കം നാം പഠിച്ച അറിവിന്റെ പാഠങ്ങള്‍ക്കായി എത്രമാത്രം സമയം ചെലവഴിച്ചു?
എത്ര പണം ചെലവിട്ടു?
എത്രമാത്രം തല്ലു കൊണ്ടു ?
ഇങ്ങനെ കുറേ എത്രമാത്രങ്ങള്‍ .............
ഗ്രന്ഥകര്‍ത്താവ് നല്‍കുന്നതിനേക്കാള്‍ കൂടുതലായി “എത്രമാത്രകള്‍ “ നമുക്ക് വ്യക്തിപരമായി നമ്മോട് ചോദിക്കാം
ഉത്തരങ്ങള്‍ കണ്ടെത്തുമ്പോഴുണ്ടാകുന്ന നഷ്ടബോധം അനുഭവിക്കാം
അത് നല്‍കുന്ന പാഠം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാം
അവനവന്റെ അഭിരുചിക്കനുസരിച്ച്
അറിവുനേടുന്നതെങ്ങനെ ?
അതുകൊണ്ടുള്ള ഗുണം , ലാഭം എന്നിവ എത്രമാത്രം ?
ഇത് സ്വന്തം അനുഭവത്തില്‍ക്കൂടി വിശദീകരിക്കുകയാണ് ലേഖകന്‍
ഈ പ്രശ്നത്തില്‍ അടുത്തകാലത്ത് കോളിളക്കമുണ്ടാക്കിയ പല ക്രിമിനല്‍ കേസുകളും കേസ് സ്റ്റഡിയായി എടുത്ത് പരിശോധിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍
ആശുപത്രിയില്‍ പോകാതെയും പ്രസവിക്കാമെന്നോ ?
ഇന്നത്തെ കാലത്ത് ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആധുനികര്‍ മുഖം ചുളിച്ചേക്കാം . പക്ഷെ , നമ്മുടെ പൂര്‍വികര്‍ ആശുപത്രിയില്‍ പ്രസവത്തിന് പോയിരുന്നുവോ ?
കുറുന്തോട്ടിയും പ്രസവവുമായുള്ള ബന്ധം
വേദനയില്ലാത്ത പ്രസവം ഈ വിഷയങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് നാം അത്ഭുതത്തോടെ വായിച്ചു പോകുന്നു.
അതും സിസേറിയനുകള്‍ക്ക് റെക്കോഡിഡുന്ന
കേരളത്തില്‍ !!
ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ക്ക് റെക്കോഡിഡുന്ന
കേരളത്തില്‍ !!
അമിത വണ്ണവും കുടവയറും കൊണ്ട് സ്ത്രീകള്‍ വിഷമിക്കുന്ന കേരളത്തില്‍ !!
നല്ല ദാമ്പത്യത്തിന്റെ രഹസ്യം ?
ഇണകളാവാനും വേണം പഠിത്തം . സാമൂഹ്യബോധമുള്ള മാതാപിതാക്കളാകാനും സാമൂഹ്യബോധമുള്ള മക്കളെ വളര്‍ത്തിയെടുക്കാനും പ്രത്യേക പഠിത്തം ആവശ്യമാണ് .
വിവാഹശേഷം ഇണകള്‍ക്ക് പ്രത്യേകം പ്രത്യേകം കൂട്ടുകാര്‍ നന്നല്ല.
റാകി കൊടുത്താല്‍ കുഞ്ഞിന്റെ
ബുദ്ധി മുരടിച്ചു പോകുമോ ?
എന്നൊരു വിശ്വാസം ചില മാദ്ധ്യമങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വരുത്തിയിരുന്നു
“എന്നാല്‍ റാകികഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ബുദ്ധി മുരടിച്ചു പോകുമെങ്കില്‍ കേരളത്തില്‍ ബുദ്ധിവളര്‍ച്ചയില്ലാത്ത അനേകം പേരെ കണ്ടുമുട്ടാനായേനെ .” എന്നൊരു പകരം ചോദ്യമാണ് ലേഖകന് ഈ വിഷയത്തില്‍ നല്‍കാനുള്ളത് .
വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമോ ?
വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെങ്കില്‍ മലയാളി എന്നൊരു വര്‍ഗ്ഗമേ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ ?
വെളിച്ചെണ്ണയില്ലാത്ത ജീവിതം നമുക്ക് ഉണ്ടായിരുന്നുവോ ?
ഇത്തരം യുക്തി ഭദ്രമായ ചോദ്യങ്ങളിലൂടെ ലേഖകന്‍ പല അന്ധവിശ്വാസങ്ങളേയും ഖണ്ഡിക്കുന്നുണ്ട് .
കുഞ്ഞുങ്ങളെ അപ്പിയിടീക്കാനും മൂത്രമൊഴിക്കാനും ശീലിപ്പിക്കുന്നതെങ്ങനെ ?
കുഞ്ഞുണ്ടായി ഒരു മാസം കൊണ്ടുതന്നെ തന്റെ കുഞ്ഞ് എത്ര സമയമിടവിട്ടാണ് അപ്പിയിടുന്നതും മൂത്രമൊഴിക്കുന്നതും മറ്റും ഏതൊരമ്മക്കും നിരീക്ഷിച്ചറിയാവുന്നതേയുള്ളൂ.
ഏതാണ്ട് ആ സമയത്തോടടുത്ത് കുഞ്ഞിനെ എടുത്തുപിടിച്ച് അപ്പിയിടാനും മൂത്രമൊഴിക്കാനും ശീലിപ്പിക്കാവുന്നതേയുള്ളൂ .
അമ്മ തെല്ലുയര്‍ന്ന സ്ഥാനത്തിരുന്ന് താഴേക്ക് കാലുകള്‍ നീട്ടിവെക്കണം . ഇരുകാലുകളും തമ്മില്‍ ലേശം അകലമുണ്ടായിരിക്കണം . ചാഞ്ഞിരിക്കുന്ന ഈ കാലുകളില്‍ മലക്ക പ്രായത്തിലുള്ള കുഞ്ഞിനെ മലര്‍ത്തിക്കിടത്താം . സാധാരണ അപ്പിയിടുന്ന സമയം കണക്കാക്കി ഇങ്ങനെയിരുത്തിയാല്‍ രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ കുഞ്ഞ് അപ്പിയിടും . രണ്ടോ മൂന്നോ ദിവസത്തെ ശീലം കൊണ്ടുതന്നെ ഇങ്ങനെ ഇരുത്തിയാലുടനെ അപ്പിയിടാന്‍ കുഞ്ഞ് പഠിക്കുകയും ചെയ്യും .
ഈ രീതിയില്‍ തന്നെ മൂത്രമൊഴിക്കാനും പരിശീലിപ്പിക്കാവുന്നതേയുള്ളൂ.
കൌമാരക്കാരായ മക്കളുടെ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ !!
കുമാരീകുമാരന്മാരുടെ പ്രശ്നങ്ങള്‍ വളരേ നയത്തോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ പാടുള്ളൂ.
അവരുടെ പ്രണയവിഷയങ്ങള്‍ പോലും അനുഭാവത്തോടും ക്ഷമയോടും കേട്ടിരിക്കണം . അതിലെ അപ്രയോഗികത ബോധ്യപ്പെടുത്താന്‍ കാമുകീകാമുകന്മാരെ ഒരുമിച്ചിരുത്തി സ്നേഹത്തോടെ സംസാരിക്കണം . കാത്തിരിക്കാന്‍ പറയണം . വിവാഹപ്രായമെത്തുമ്പോള്‍ വിവാഹം ചെയ്യിക്കാമെന്ന് ഉറപ്പുകൊടുക്കണം . അതിനുശേഷമുള്ള ഇടവേളകൊണ്ട് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനായി കഴിവുള്ള അദ്ധ്യാപകര്‍ , മനഃശാസ്ത്രജ്ഞര്‍ , യോഗ്യരായ മറ്റുള്ളവര്‍ എന്നിവരുടെയെല്ലാം സേവനം ഉപയോഗപ്പെടുത്താം . എന്നീട്ടും ബോദ്ധ്യപ്പെടുന്നില്ലെങ്കില്‍ അവരെ അവരുടെ വഴിക്കു വിടുക
കൌമാരക്കാര്‍ക്കുമുന്നില്‍ സുഗ്രീവാജ്ഞ പുറപ്പെടുവിക്കരുത് .
അവരെ വെല്ലുവിളിക്കുകയോ അവിശ്വസിക്കുകയോ ചെയ്യരുത് .അവര്‍ക്കത് സഹിക്കാനാവില്ല.
ഇത്തരം നിഗമനങ്ങള്‍ക്ക് സമകാലിക ഉദാഹരണങ്ങളും പുസ്തകത്തിലൂടെ നല്‍കുന്നുണ്ട്
നമ്മുടെ നാട്ടിലെ അദ്ധ്യാപന പരിശീലനകേന്ദ്രങ്ങളിലെ അദ്ധ്യാപകര്‍ ഈ പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എന്ന് പുസ്തകം വായിക്കവേ ആശിച്ചു പോയി
സാരംഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ :
Click Below